കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പോലീസ് പരിശോധിക്കുക.
വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്ത് അപകട സ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യം എത്തിയ എസ്.ഐയോടും മറ്റ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു.
വ്യാഴാഴ്ച രാത്രിയാണ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ കാര്‍ യാത്രക്കാരായ ഹാഷിം(31) അനുജ രവീന്ദ്രന്‍(37) എന്നിവര്‍ മരിച്ചത്. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നൂറനാട് മറ്റപ്പിള്ളി സ്വദേശിനിയായ അനുജ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ അനുജയെ ഹാഷിം കാറിലെത്തി വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് അടൂര്‍ കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.
Leave a Reply