ലണ്ടൻ :  കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തിൽ വിതച്ച താളപ്പിഴകൾ വാക്കുകൾക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തിൽ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനൽ കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിർ മഴയായ് സംഗീതം പെയ്തിറങ്ങുന്ന സർഗ്ഗ സന്ധ്യകളുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ സ്ട്രിങ്സ് ഓർക്കസ്ട്ര നിങ്ങൾക്കരികിലേക്ക് എത്തുന്നു . മനസ്സാണ് മനുഷ്യൻ ; മനസ്സെടുക്കുന്ന തീരുമാനങ്ങളാണ് സ്വപ്നപ്പൂക്കളായി നാളെ നമുക്ക് ചുറ്റും സൗരഭ്യം വിതറുന്നത് . ആ മനസ്സിനെ വിഷാദം ബാധിച്ചാൽ സ്വപ്നങ്ങളുടെ പൂങ്കപാവങ്ങളാണ് വിഷാദത്തിൻറെ മരുഭൂവുകളാകുന്നത് .

കോവിഡ് വിഷാദ ഭീതിയിൽ ജീവിത വഴികളിൽ ഒറ്റപെട്ടവരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തിൽ എത്തിക്കുന്ന നൂതന സംഗീത പരിപാടി ആയ ‘ ആഗോള അന്താക്ഷരി ‘ യുടെ കാലിക പ്രസക്തി . ഈ വിഷാദ കാലയളവിൽ വൈവിദ്യമാർന്ന സംഗീത സന്ധ്യ അവതരിപ്പിച്ച് ആഗോള സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച ‘ സ്ട്രിങ്സ് ഓർക്കസ്ട്ര ‘ വീണ്ടും ചരിത്രം രചിക്കുന്നു.

കരളേ നിൻ കൈപിടിച്ചാൽ … ‘ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം , ദൈവദൂതൻ എന്ന സിനിമ വേണ്ടി പാടിയ പി . വി . പ്രീത നയിച്ച ഗാനസന്ധ്യ പോയ കാഴ്ച്ചകളിൽ കണ്ടത് ആയിരക്കണക്കിന് സംഗീത പ്രേമികളാണ് . പിന്നീട് വന്ന ആഴ്ചയിൽ ഭാരത് സജികുമാർ നയിച്ച സന്ധ്യയും ശ്രദ്ധിക്കപ്പെട്ടു .

ആലീസ് ഉണ്ണികൃഷ്ണൻ മലയാളി ഒരിക്കലും മറക്കാത്ത ഗായിക , 90 കളിലെ അമ്പലപ്പറമ്പിൽ അലയടിച്ച ശബ്ദം . നാടക ഗാനങ്ങളുടെ രാജകുമാരി . 1994 ലെ ഏറ്റവും മികച്ച നാടക ഗായികയ്ക്കുള്ള കേരളം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം , എണ്ണിയാൽ ഒടുങ്ങാത്ത പുരസ്കാരങ്ങൾ . ആലിസ് ഉണ്ണികൃഷ്ണൻ നയിച്ച കഴിഞ്ഞ സംഗീത രാവ് ആസ്വദിച്ചത് പതിനായിരങ്ങളാണ് . അര നൂറ്റാണ്ട് കാലം സംഗീത രംഗത്തെ നിറസാന്നിദ്യമായ ആലീസ് ഉണ്ണിക്യഷ്ണൻ ആയിരങ്ങളുടെ മനസ്സിലേക്കാണ് സ്വാന്തനത്തിന്റെ കുളിർമഴയായി പെയ്തിറങ്ങിയത് .

ഇത്തവണ ‘ സ്ട്രിങ്സ് ഓർക്കസ്ട്ര ‘ വരുന്നത് ഏഷ്യാനെറ്റിലെ പ്രശസ്ത അവതാരകയും അറിയപ്പെടുന്ന ഗായികയുമായ പ്രീത നയിക്കുന്ന ‘ ആഗോള അന്താക്ഷരി എന്ന ഇൻറ്റർ ആക്റ്റീവ് പരിപാടിയുമായാണ് . മൂന്ന് ടീം അടങ്ങുന്ന ഒരു എപ്പിസോഡായാണ് ഓരോ ആഴ്ച്ചയും കടന്നു പോകുന്നത് . ഓരോ രാജ്യത്തെയും ഓരോ ടീം ആയി തരം തിരിക്കപ്പെടും . ഇതൊരു ആഗോള പരിപാടി ആയതിനാൽ മത്സരാർത്ഥികൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും . എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ് . അതാത് രാജ്യങ്ങളിൽ നിന്നുളളവർ പരസ്യത്തിൽ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടിന്റെ മൂന്നോ നാലോ വരികൾ പാടി അയക്കുക. സംഗീതം സ്വാന്തനത്തിന്റെ അമൃത് പൊഴിക്കുന്നതിനോടൊപ്പം പുതിയ പുതിയ കലാകാരൻമാരെയും കലാകാരികളെയും കണ്ടെത്തുക കൂടി ചെയ്യുന്നു .

നിങ്ങളുടെ വീടിന്റെ സുരക്ഷിതത്തിലും സ്വകാര്യതയിലും ഇരുന്ന് എന്തുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുത്തു കൂട ? സ്വപ്നങ്ങൾ നിങ്ങളുടേതാണ് . അതിനെ പിന്തുടരുക . അത് പൂവിടട്ടെ . സുഗന്ധവാഹിയാകട്ടെ