മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസം തുടരുന്നതിനിടയിലും കനത്ത വെല്ലുവിളിയായി മഴയും പുഴയിലെ കുത്തൊഴുക്കും.

ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്‌നല്‍ കൂടി ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചതായി ദൗത്യ സംഘം അറിയിച്ചു.സിഗ്‌നല്‍ ലഭിച്ച പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇത് കടുത്ത വെല്ലുവിളി യാണ് സൃഷ്ടിക്കുന്നത്.

‘റോഡില്‍ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്ത നടുക്കുള്ള പാറകളടങ്ങിയ മണ്‍ കൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകുന്നേരത്തോടെ സ്‌കാനിങ് വിവരങ്ങള്‍ ലഭ്യമാകും. ഇതോടെ കൂടുതല്‍ വ്യക്തത വരും. ഈ സിഗ്‌നല്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ ശക്തമാക്കും’ – റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍ നമ്പ്യാര്‍ പറഞ്ഞു.

നാല് സ്‌പോട്ടുകളായിരുന്നു പുഴയില്‍ കണ്ടെത്താനുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നാലാമത്തെ സ്‌പോട്ടും കണ്ടെത്തിയതായാണ് വിവരം. ഇവിടെ ട്രക്കിന്റെ സാധ്യതകളും ദൗത്യസംഘം പരിശോധിക്കുന്നുണ്ട്.