തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ ‘തൂങ്ങി മരിച്ച’ പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ഞെട്ടിയില്‍ നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്. മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള ചന്ദ്രനെ (52) യാണ് പോലീസ് സാഹസികമായി പിടികൂടിയത്.

പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ലോങ്പെന്‍ഡിങ് വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളും പാണ്ടി ചന്ദ്രന്റെ പേരിലുണ്ട്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന്‍ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് പാണ്ടിയുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും. പത്തനംതിട്ട പോലീസിന് എന്നും തലവേദനയായിരുന്നു പാണ്ടിചന്ദ്രന്‍ എന്ന പിടികിട്ടാപ്പുള്ളി.

15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ് തമിഴ്നാട്ടിലേക്ക് നാടുവിട്ടു . ഇയാളെ പിന്നീട് ആരും കണ്ടതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ചുമതലയേറ്റ ശേഷം പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കുകയും ഓരോ സ്റ്റേഷനിലും എസ്.എച്ച്‌.ഓയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ഈ സംഘമാണ് പാണ്ടി ചന്ദ്രനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയത്.

ഒടുവില്‍ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തി. അയാളോട് അന്വേഷിച്ചപ്പോള്‍ പാണ്ടി ചന്ദ്രന് വേണ്ടി ജാമ്യം നിന്നതില്‍ മോഹനന്‍ നായര്‍ക്ക് വാറണ്ടായി. കോടതിയില്‍ 10000 രൂപ കെട്ടിവയ്ക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് മോഹനന്‍ നായര്‍ തമിഴ്നാട്ടിലെ പാണ്ടിചന്ദ്രന്റെ ജന്മസ്ഥലമായ തൃച്ചിയില്‍ ഇയാളെപ്പറ്റി അന്വേഷിച്ചു. 10 വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് കിട്ടിയത്. ഈ മറുപടിയില്‍ പൂര്‍ണമായും വിശ്വാസം വരാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന്‍ സി.പി.ഓ രജിത്. കെ. നായര്‍ തമിഴ്നാട്ടുകാരായ പലരോടും പാണ്ടി ചന്ദ്രനെ അന്വേഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശബരിമല കേന്ദ്രീകരിച്ച്‌ ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രന്‍ എന്നയാളെ പറ്റി അറിഞ്ഞു. അയാള്‍ക്ക് മോഷണക്കേസുകള്‍ ഉണ്ടെന്നും വിവരം ലഭിച്ചു. അയാളുടെ മക്കള്‍ കായംകുളം മുതുകുളം ഭാഗത്ത് താമസിക്കുന്നു എന്നുള്ള വിവരവും കിട്ടി. മുതുകുളം കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തില്‍ മലയാലപ്പുഴ ഭാഗത്ത് നിന്നും വന്ന താമസിക്കുന്ന ചന്ദ്രന്‍ എന്ന ആളിന്റെ മകനെ തിരിച്ചറിഞ്ഞു. പാണ്ടി ചന്ദ്രന്റെ മകനാണ് ഇതെന്ന് സ്ഥിരീകരിച്ചു.

അയല്‍വാസികളോട് ചന്ദ്രന്‍ എപ്പോള്‍ വീട്ടില്‍ വന്നാലും വിവരം അറിയിക്കണമെന്ന് രഹസ്യം നിര്‍ദ്ദേശം നല്‍കി പോലീസുകാരന്‍ മടങ്ങി. ഒടുവില്‍ അഞ്ചു മാസത്തോളം പോലീസ് കാത്തിരുന്ന വിളി 13 ന് പുലര്‍ച്ചെ 1.30 ന് എത്തി. പാണ്ടി ചന്ദ്രന്‍ മകന്റെ വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരമായിരുന്നു അത്. പോലീസുകാരന്‍ രജിത്ത് ഉടന്‍ തന്നെ എസ്.ഐ ജിനുവിനെ വിവരം അറിയിച്ചു.

എന്നാല്‍, മുതുകുളം ഭാഗത്ത് എത്തിയ പോലീസിന് മകന്റെ വീട്ടില്‍ പാണ്ടി ചന്ദ്രനെ കാണാന്‍ സാധിച്ചില്ല. പ്രദേശം കേന്ദ്രീകരിച്ച്‌ നടത്തിയ തെരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിക്ക് സമീപം വച്ച്‌ പുലര്‍ച്ചെ മൂന്നരയ്ക്ക് ഇയാളെ കണ്ടെത്തി. തന്ത്രപരവും സാഹസികവുമായ നീക്കത്തിലൂടെ ചന്ദ്രനെ കീഴ്പ്പെടുത്തി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിക്കുകയും കോടതിയില്‍ ഹാജരാക്കി റിാന്‍ഡ് ചെയ്യുകയും ചെയ്തു. എസ്.ഐ ഷിജു. പി. സാം, എസ്.സി.പി.ഓ വിജീഷ്, സി.പി.ഓമാരായ രജിത്ത്, രാജേഷ്, സൈദലി, രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.