അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വ്യോമയാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താം.

ഇരുരാജ്യങ്ങളുമായും കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ ബ്രിഡ്ജസ് അഥവാ എയര്‍ ബബിള്‍സ് എന്ന സംവിധാനമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് മറ്റു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.

ജൂലൈ 18 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ എയര്‍ ഫ്രാന്‍സ് 28 സര്‍വീസുകള്‍ ഡല്‍ഹി, മുംബൈ, ബംഗളുരു, പാരീസ് എന്നിവിടങ്ങളില്‍ നിന്നും നടത്തും. അതേസമയം, അമേരിക്കന്‍ വ്യോമയാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ ജൂലൈ 17 മുതല്‍ ജൂലൈ 31 വരെ 18 സര്‍വീസുകളും നടത്തും.

യുകെയുമായി ഉടന്‍ തന്നെ എയര്‍ ബബിള്‍ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ദിവസം രണ്ട് സര്‍വീസുകള്‍ ഡല്‍ഹിക്കും ലണ്ടനും ഇടയില്‍ നടത്താനാണ് ശ്രമിക്കുന്നത്. കൂടാതെ, ജര്‍മ്മനിയുടെ കമ്പനികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

ഫ്രാന്‍സിലേക്കും യുഎസിലേക്കും ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കൊറോണവൈറസ് മഹാരമാരി മൂലം മാര്‍ച്ച് 23 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

ജൂലൈ 13 വരെ ഇന്ത്യ വന്ദേഭാരത് മിഷന്റെ ഭാഗമായി 2,08,000 ഇന്ത്യാക്കാരെ വിദേശത്തുനിന്നും 1,103 സര്‍വീസുകളിലായി തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്.

ഓരോ രാജ്യവും കോവിഡ്-19 മഹാമാരിയെ നിയന്ത്രിക്കുന്നതിനെ പരിഗണിച്ചാണ് മറ്റു രാജ്യങ്ങള്‍ എയര്‍ ബബിള്‍ സംവിധാനത്തിന് സമ്മതം മൂളുന്നത്.