ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനീളമുള്ള ഗൈനക്കോളജി അപ്പോയിൻ്റ്മെന്റുകൾക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇരട്ടിയായി വർദ്ധിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . 2020 മുതലുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ ആണ് ഇത്രയും വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് ഏകദേശം മുക്കാൽ ദശലക്ഷം (755, 046) സ്ത്രീകൾ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടർമാരെ കാണാൻ കാത്തിരിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് ഈ വെയിറ്റിംഗ് ലിസ്റ്റ് 630, 000 മാത്രമായിരുന്നു. യുകെയിൽ ഉടനീളം ആരോഗ്യ മേഖലയിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും സ്ത്രീകളുടെ കാര്യത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ അതീവ ഗുരുതരമായി നിലനിൽക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിച്ചു. നിലവിലെ സാഹചര്യത്തിൽ സ്ത്രീകളിൽ പലരും കടുത്ത നിരാശയിലാണെന്നും ഒരു മാറ്റം അനിവാര്യമാണെന്നും റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (ആർസിഒജി) പ്രസിഡൻ്റ് ഡോ. റാണി താക്കർ പറയുന്നു. സ്ത്രീകളെ മാത്രം ബാധിക്കുന്ന യുകെയിൽ ഉടനീളമുള്ള ഏറ്റവും മോശമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി ഗൈനക്കോളജി ആണെന്ന് അവർ അഭിപ്രായപ്പെട്ടു.
എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ 4700 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കാത്തിരിപ്പ് സമയം കൂടിയതിനോട് അനുബന്ധിച്ച് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ അനുഭവ കഥകൾ മാധ്യമങ്ങളിൽ നിരന്തരം വാർത്തയായി കൊണ്ടിരിക്കുകയാണ്. സമാന വിഷയത്തിൽ ദുരിതം പേറുന്ന നോർത്ത് വെയിൽസിലെ റെക്‌സാമിന് സമീപമുള്ള അന്ന കൂപ്പറിൻ്റെ ദയനീയ അനുഭവം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. വിവിധതരം അസുഖങ്ങളെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യുന്നത് ഉൾപ്പെടെ 17 ഓപ്പറേഷനുകൾ നേരിടേണ്ടി വന്ന അന്നയുടെ ജീവിതം എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം മൂലം ദുരിത പൂർണമാണ്. ഓപ്പറേഷനുകൾക്ക് ശേഷം വീണ്ടും പ്രശ്നങ്ങൾ നേരിട്ടതിനാൽ അവൾ വീണ്ടും എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റിലാണ്. തുടക്കത്തിലെ തൻ്റെ രോഗം തിരിച്ചറിയുന്നതിനും പരിചരണത്തിലുമുണ്ടായ കാലതാമസം ആണ് തന്നെ ഒരു തീരാ രോഗി ആക്കിയതെന്ന് 31 വയസ്സുകാരിയായ അന്ന കൂപ്പർ പറഞ്ഞു.
Leave a Reply