ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രയേൽ ഹമാസ് സംഘർഷം ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങളിലേയ്ക്കാണ് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ വലിച്ചിഴയ്ക്കുന്നത്. സംഘർഷത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിൽ സാമുദായിക അടിസ്ഥാനത്തിൽ കടുത്ത പ്രശ്നങ്ങൾ ആണ് ഉടലെടുത്തിരിക്കുന്നത്.


ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പരിണിതഫലം അനുഭവിക്കുന്നത് മറ്റ് രാജ്യങ്ങളിലെ ജൂത , മുസ്ലിം സമുദായാംഗങ്ങളാണ്. സമൂഹത്തിൻറെ താഴെ തട്ടിലുള്ള മതപരമായ വിഭജനങ്ങൾ കൂടാതെയാണ് പാലസ്തീൻ അനുകൂല ജാഥകളും മറ്റും ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ. ചെങ്കടലിൽ പാലസ്തീന് അനുകൂലമായി ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ആഗോള ചരക്ക് നീക്കത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുസ്ലിം സ്കൂളുകൾ കമ്മ്യൂണിറ്റി സെൻററുകൾ എന്നിവയെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ 117 മില്യൺ പൗണ്ട് അനുവദിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഈ നടപടി ബ്രിട്ടനിലെ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്ന് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു.


മുസ്ലിം സ്കൂളുകൾ, കമ്മ്യൂണിറ്റി സെൻററുകൾ എന്നിവയിൽ കൂടുതൽ സിസിടിവി ക്യാമറകൾ, അലാറം, ഫെൻസിങ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾക്കായാണ് സർക്കാർ അനുവദിച്ച പണം ചിലവഴിക്കുക. ഇസ്രയേൽ ഹമാസ് സംഘർഷം യുകെയിൽ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്ന ആശങ്കകൾക്ക് മറുപടിയായാണ് സർക്കാർ പണം അനുവദിച്ചത് . മുസ്ലിം വിരുദ്ധ വിദ്വേഷത്തിന് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും ബ്രിട്ടീഷ് മുസ്ലിങ്ങൾക്കെതിരായ അധിക്ഷേപത്തെ ന്യായീകരിക്കാൻ മിഡിൽ ഈസ്റ്റിലെ സംഭവങ്ങളെ ഉപയോഗിക്കാൻ അനുവദിക്കുകയില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.