ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും കോവിഡ്-19 നെ കീഴടക്കിയതിൻെറ ആത്മവിശ്വാസത്തിലായിരുന്നു ബ്രിട്ടീഷ് സർക്കാരും ജനങ്ങളും. രോഗവ്യാപനതോതും മരണനിരക്കും കുറഞ്ഞതിനെ തുടർന്ന് പടിപടിയായി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള രൂപരേഖ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ജനിതക മാറ്റം വന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം എല്ലാം തകിടം മറിക്കുമോ എന്ന ആശങ്ക രാജ്യത്ത് ഉടലെടുത്തു കഴിഞ്ഞു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം രൂക്ഷമാകുകയാണെങ്കിൽ മുൻനിശ്ചയപ്രകാരം ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിയേണ്ടതായി വന്നേക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകി. ജൂൺ 21ന് സാമൂഹിക സമ്പർക്കത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ വേരിയന്റ് കൂടുതലായി വ്യാപിച്ചിട്ടുള്ള ബോൾട്ടൺ പോലുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലണ്ടനിലെ ഒരു വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു കൊണ്ട് ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മെയ് പതിനേഴാം തീയതി മുതൽ അവധിക്കാല വിനോദയാത്ര നിയന്ത്രണങ്ങൾ ബ്രിട്ടൻ പിൻവലിച്ചിരുന്നു. എന്നാൽ അവധിക്കാല വിദേശയാത്രകൾ കഴിഞ്ഞു വരുന്നവർ രോഗവ്യാപനം കൂട്ടുമോ എന്ന് ആശങ്ക പരക്കെയുണ്ട്. ഇതിൻെറ വെളിച്ചത്തിൽ ആംബർ‌ ലിസ്റ്റ് രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി. ആംബർ‌ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയാൽ യാത്രക്കാർ ക്വാറന്റീൻ പാലിച്ചാൽ മതിയെന്ന് എൻവിയോൺമെൻറ് സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞത് പരക്കെ ആശയ കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, യുഎസ് തുടങ്ങി ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിലേയ്ക്ക് ആയിരക്കണക്കിന് ആളുകൾ പോയതായാണ് റിപ്പോർട്ടുകൾ. 150ഓളം വിമാനങ്ങളാണ് ബ്രിട്ടീഷ് വിനോദ യാത്രക്കാരുമായി തിങ്കളാഴ്ച മാത്രം പുറപ്പെട്ടത്.