നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയത്തില്‍ തെരേസ മേയുടെ നിലപാട് ടോറികള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കുന്നു. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണ് ബെല്‍ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ തെരേസ മേയ് പ്രഖ്യാപിച്ചത്. ഐറിഷ് അതിര്‍ത്തിയില്‍ പ്രതിസന്ധികളുണ്ടാകാതെയുള്ള സമീപനം സ്വീകരിച്ചെങ്കില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ വിടൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലെന്ന് മേയ് പറഞ്ഞു. പകരം സംവിധാനങ്ങളില്‍ ഒന്നായി മാത്രമേ അതിര്‍ത്തിയിലെ സംവിധാനങ്ങള്‍ പരിഗണിക്കൂ എന്നും അവര്‍ പറഞ്ഞു. ബോര്‍ഡര്‍ കമ്യൂണിറ്റികളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ ഒരു കാര്യവും അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ ദയനീയമായി പരാജയപ്പെട്ടതിനു ശേഷം ആദ്യമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി തയ്യാറെടുക്കുന്നതിനിടെയാണ് ഈ പരാമര്‍ശം. ഐറിഷ് ബാക്ക്‌സ്റ്റോപ്പില്‍ രാജ്യത്തിനുള്ള ആശങ്ക ഈ കൂടിക്കാഴ്ചയില്‍ യൂറോപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് വിവരം. ഇതിലൂടെ ബ്രെക്‌സിറ്റ് ഉടമ്പടി വീണ്ടും ചര്‍ച്ച ചെയ്യാനായിരിക്കും ഇവര്‍ ശ്രമിക്കുക. പക്ഷേ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആശങ്കയറിയിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നേരത്തേ നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്മാറുകയാണോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

വ്യാഴാഴ്ചയാണ് മേയ് ബ്രസല്‍സില്‍ എത്തുന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് എന്നിവരുമായി മേയ് കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റില്‍ ഇനി ചര്‍ച്ചകളൊന്നും ഇല്ലെന്ന നിലപാടിലാണ് ജങ്കറും ടസ്‌കും. യൂറോപ്യന്‍ യൂണിയന്‍ യുകെയുടെ സമീപനത്തെ സ്വാഗതം ചെയ്യില്ലെന്ന് ഉറപ്പാണെങ്കിലും നയതന്ത്ര ഇടപെടലുകള്‍ ആരംഭിക്കുകയാണെന്ന് നമ്പര്‍ 10 അറിയിക്കുന്നു. ഐറിഷ് ബാക്ക്‌സ്റ്റോപ്പില്‍ എംപിമാരും മന്ത്രിമാരും നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കാനാണ് നീക്കം.