കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. തിരുവനന്തപുരം വഞ്ചിയൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മരിച്ച പത്താം ക്ലാസ്കാരൻ ആദിശേഖറിന്റെ ബന്ധു കൂടിയാണ് പ്രതിയായ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ. മനഃപൂർവമല്ലാത്ത അപകടം എന്ന് കരുതിയിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കൂടാതെ ദൃക്സാക്ഷികളുടെ മൊഴിയും പ്രിയരഞ്ജൻ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചു.
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പിന്നീട് കാർ നിർത്താതെ ഇയാൾ ഓടിച്ചുപോയി.
വിദേശത്തുള്ള ഭാര്യയുമായി സംസാരിക്കവെ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് കൊലപാതക കാരണം വൈരാഗ്യവും കൊലപാതകം ആസൂത്രിതവും ആയിരുന്നെന്ന് തെളിഞ്ഞത്.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബം കോടതിയോട് ആവശ്യപ്പെട്ടത്.
Leave a Reply