ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവതിയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പാലോലപറമ്പത്ത് വീട്ടില്‍ മുഹമ്മദ് നജീര്‍(29), ഇരിട്ടി ഉളിക്കല്‍ പൂമനിച്ചി വീട്ടില്‍ മുബഷീര്‍(31) എന്നിവരെയാണ് പട്ടാമ്പി പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച ശേഷം പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതിയില്‍നിന്നും 35 പവന് സ്വര്‍ണ്ണം തട്ടിയെടുത്ത പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജ്വല്ലറി ഉടമയെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ കൂടിയാണ് വടകര സ്വദേശി നജീർ യുവതിയെ പരിചയപ്പെടുന്നത്. ശേഷം, പഴയ സ്വർണം കാണിച്ചു കൊടുത്താൽ പകരം പണവും കൊടുത്ത സ്വർണവും നൽകാമെന്ന് യുവതിയ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് മുബഷിറിനൊപ്പം ഇയാൾ പട്ടാമ്പിയിലെത്തി യുവതിയിൽനിന്നും 35 പവൻ സ്വർണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ കേസന്വേഷണത്തിന് വേണ്ടി എസ്. അൻഷാദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ട് സംഘമായി തിരിഞ്ഞ് ബംഗളൂരു, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയായിരുന്നു. പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട ഒരു പ്രതി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും അടുത്തുള്ള തെങ്ങിലേക്ക് ചാടി ഊര്‍ന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പുറകെ ഓടി പിന്തുടര്ന്ന് പിടികൂടുകയുമായിരുന്നു.
Leave a Reply