നാലരമാസം നീണ്ട ദാമ്പത്യത്തിൽ അവർ ഒന്നിച്ചുകഴിഞ്ഞത് 15 ദിവസം മാത്രം. വിവാഹിതരായി 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇരുവരും ഒരു സ്ഥലത്ത് ജോലിചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനപകടത്തിൽ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്.

സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളി നഴ്‌സുമാർ മരണമടഞ്ഞത്. ഇവരിൽ വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24-ന് ആയിരുന്നു.

ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോ ബഹ്‌റൈനിൽ നഴ്‌സാണ്. പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് ജോലിതേടി ഒന്നിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസ ലഭിച്ചു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. വരുന്ന 10-ാം തീയതിക്ക്‌ വീണ്ടും വിസ ലഭിക്കുമെന്നും അപ്പോൾ ബിജോയ്ക്ക് അടുത്തേക്ക് എത്താനാവുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ബിജോ. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വിളിച്ചിരുന്നു.

നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്‌സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്‌റൈൻ ഗവ. സർവീസിൽ നഴ്‌സാണ്. ഷിൻസിക്കും ബഹ്‌റൈനിൽ ഗവ. സർവീസിലാണ് നഴ്‌സിങ് വിസ ലഭിച്ചത്.

  ഒരു പരിസ്ഥിതി ദിന ചിന്ത : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ - അധ്യായം 70

ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്‌വൺ). കോട്ടയത്തിന് വേദനയായി അപകടവിവരമെത്തി

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണവിവരം അറിയിച്ചുള്ള ഫോൺ സന്ദേശം വയലായിലെ വീട്ടിലെത്തിയത്.

യാത്രചെയ്ത വാഹനത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേരുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധംവന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്.

ഇവർ യാത്രചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മരിച്ച മറ്റൊരു നഴ്‌സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.

മോൻസ് ജോസഫ് എം.എൽ.എ., വയലായിലെ വീട്ടിലെത്തി. ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് എം.എൽ.എ. ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും, നോർക്കാ സെല്ലിലും എം.എൽ.എ. നിവേദനം നൽകി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ, യു.ഡി.എഫ്. നേതാക്കളായ സി.സി. മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്, തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും എം.എൽ.എയോടൊപ്പം എത്തി.