ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആണവ പദ്ധതിയെ ചൊല്ലി വീണ്ടും സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നടപടി യുകെ , ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ആരംഭിച്ചു. മുപ്പത് ദിവസങ്ങൾക്ക് ഉള്ളിൽ ഇത് നടപ്പിലാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആണവ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതാണ് കടുത്ത നടപടി സ്വീകരിക്കുന്നതിന് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് ആക്രമണം നടത്തുകയും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള പരിശോധകർ ആണവ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് ഇറാൻ വിലക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജൂൺ മുതൽ ഇറാനും യുഎസും തമ്മിലുള്ള ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ ഒരു കരാറിന് കീഴിൽ ഇറാന്റെ ആണവ പദ്ധതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരമായി വർഷങ്ങളായി നിലനിന്നിരുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കിയിരുന്നു . എന്നാൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇറാനു മേൽ ആണവ സംബന്ധമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് വീണ്ടും ചർച്ചയാകുകയായിരുന്നു.
2018ലെ കരാർ അനുസരിച്ച് ഇറാൻ ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ വീണ്ടും ഉപരോധത്തിൽ ഏർപ്പെടാൻ E3 എന്നറിയപ്പെടുന്ന യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾക്ക് കഴിയും. ഇറാൻ ചില നിബന്ധനകൾ പാലിക്കുന്നതിന് വിധേയമായി, യുകെയും യൂറോപ്യൻ സഖ്യകക്ഷികളും അടുത്തിടെ ഉപരോധ ഇളവ് നീട്ടിനൽകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കാൻ ഇറാൻ കാര്യമായ ശ്രമം നടത്തിയിട്ടില്ലെന്നും അവരുടെ ആണവ പരിപാടിയുടെ സ്വഭാവത്തെ കുറിച്ച് വിശ്വസനീയമായ ഉറപ്പുകൾ നൽകുന്നതിൽ സ്ഥിരമായി പരാജയപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പരിപാടിക്ക് പൂർണ്ണമായും സമാധാനപരമായ ഉദ്ദേശ്യങ്ങളാണുള്ളതെന്ന് തങ്ങൾക്ക് ബോധ്യമില്ലെന്ന് പാശ്ചാത്യ ശക്തികളും ആഗോള ആണവ സംഘടനയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും (ഐഎഇഎ) പറയുന്നത് . എന്നാൽ ആണവായുധങ്ങൾ നിർമിക്കുന്നില്ലെന്നാണ് ഇറാൻ ശക്തമായി വാദിക്കുന്നത് .
Leave a Reply