ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു സുപ്രധാന നീക്കത്തിലൂടെ അഭയാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന ഒരു പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. പുതിയ നടപടി ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. യുകെയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മറ്റ് കുടിയേറ്റക്കാർക്കുള്ള അതേ നിയന്ത്രണങ്ങൾ അഭയാർത്ഥികൾക്ക് നേരിടേണ്ടിവരുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
പുതിയ നിർദ്ദേശത്തിന്റെ ഭാഗമായി അഭയാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിന് പ്രതിവർഷം കുറഞ്ഞത് £29,000 സമ്പാദിക്കുകയും അനുയോജ്യമായ താമസസൗകര്യം നൽകുകയും വേണം. ഇതോടൊപ്പം അവരുടെ കുടുംബാംഗങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. എന്നാൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും ഇതിന്റെ വ്യാപ്തി കൈകാര്യം ചെയ്യുന്നതിന് കുടുംബ പുനഃസമാഗമ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് പര്യാപ്തമല്ല എന്നും കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. യുദ്ധം, സംഘർഷം, പീഡനം എന്നിവയാൽ വേർപിരിഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിനായി നിയമങ്ങൾ വർഷങ്ങൾക്ക് മുമ്പ് രൂപകൽപ്പന ചെയ്തതാണെന്നും എന്നാൽ പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കൂപ്പർ പറഞ്ഞു.
ഈ വർഷം ഇതുവരെ 28,000-ത്തിലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് . ഇത് 2024 ലെ ഇതേ കാലയളവിനേക്കാൾ കൂടുതലാണ്. ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തെ അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം ആണ് വർദ്ധനവ്. 2002 ലെ ഏറ്റവും ഉയർന്ന നിരക്കായ 103,000 – നേക്കാൾ നിലവിലെ അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന പ്രത്യേകതകയുമുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്.
Leave a Reply