ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ യുവതിയെ പ്രേതബാധയുണ്ടെന്നാരോപിച്ച് ജിപി ബാധയൊഴിപ്പിക്കല്‍ നടത്തിയെന്ന് പരാതി. 54കാരിയായ സാലി ബ്രെയ്‌ഷോ എന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ചികിത്സ നിര്‍ദേശിക്കുന്നതിന് പകരം തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബാധ ഒഴിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് നിര്‍ദേശിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് ഒരു പുരോഹിതന്റെ അടുത്തെത്തിക്കുകയും പ്രേതബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില ക്രിയകള്‍ ചെയ്യുകയും ചെയ്തതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പ്രവൃത്തികള്‍ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തിയെന്ന് ബ്രെയ്‌ഷോ പറയുന്നു. ഡോക്ടര്‍ 50,000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ സ്‌പെഷ്യല്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്ന ബ്രെയ്‌ഷോ വന്‍കുടല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം ചില മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് അവര്‍ ഡോ. തോമസ് ഒ’ബ്രെയിന്‍ സമീപിക്കുന്നത്. സാധാരണ ഗതിയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇതര ബുദ്ധിമുട്ടുകള്‍ക്കും നല്‍കുന്ന ചികിത്സയായിരുന്നില്ല ഡോക്ടര്‍ നിര്‍ദേശിച്ചത്. പിശാച് ശരീരത്തില്‍ കടന്നു കൂടിയതാണ് തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഡോക്ടറുടെ വ്യാഖ്യാനമെന്ന് ബ്രെയ്‌ഷോ പറയുന്നു. വീട്ടില്‍ പിശാചിനെ ആകര്‍ഷിക്കുന്ന ചില വസ്തുക്കളുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

മറ്റൊരു ദിവസം തന്നെ ഒരു മതപരമായ ചടങ്ങിന് ഡോക്ടര്‍ കൊണ്ടുപോയതായും പരാതിക്കാരി പറയുന്നു. ‘പിശാച്’ കണ്ണിലൂടെ പുറത്തേക്ക് വരുമെന്ന് ചടങ്ങുകള്‍ക്കിടെ പുരോഹിതന്‍ പറഞ്ഞതായും ബ്രെയ്‌ഷോ ഓര്‍ക്കുന്നു. റോമന്‍ കാത്തലിക് വിശ്വാസിയായ ബ്രെയിന്‍ഷോയ്ക്ക് ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പ്രേതബാധയുമായി ബന്ധപ്പെട്ട കഥകള്‍ വലിയ ഭയം ജനിപ്പിച്ചതായും കോടതിയില്‍ ബ്രെയിന്‍ഷോ വ്യക്തമാക്കി. 2015ല്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തിയാണ് ഡോ. തോമസ് ഒ’ബ്രയന്‍. ആരോപണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം കോടതി കേള്‍ക്കാനിരിക്കുകയാണ്. ലണ്ടന്‍ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.