ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. 13 ലക്ഷം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവർദ്ധനവ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ബുധനാഴ്ചയിലെ ബജറ്റിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നഴ്‌സുമാർ, അധ്യാപകർ, സേനാംഗങ്ങൾ എന്നിവർക്ക് പ്രയോജനം ലഭിക്കുമെന്ന് ചാൻസലർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ നവംബറിലാണ് ശമ്പളവർദ്ധനവ് താത്കാലികമായി നിർത്തിവെച്ചത്. ശക്തമായ സാമ്പത്തിക വീണ്ടെടുക്കലും തൊഴിൽ വിപണിയിലെ കുതിച്ചുചാട്ടവും ഈ ബജറ്റിലൂടെ സാധ്യമാകുമെന്ന് തിങ്കളാഴ്ച വൈകുന്നേരം സുനക് അറിയിച്ചിരുന്നു.

നികുതിയും വിലക്കയറ്റവും കാരണം കുടുംബങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ കോവിഡ് പ്രതിസന്ധി കാരണമാണ് പൊതുമേഖലാ ശമ്പളവർദ്ധനവ് താത്ക്കാലികമായി നിർത്തലാക്കാനുള്ള തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് സുനക് പ്രസ്താവിച്ചു. ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണ്ടു തുടങ്ങിയിരുക്കുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ശമ്പളവർദ്ധനവ് വീണ്ടും ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

2020-21 സാമ്പത്തിക വർഷത്തിൽ പൊതുമേഖലയിലെ ശരാശരി പ്രതിവാര വരുമാനം 4.5% വർദ്ധിച്ചു. അതേസമയം സ്വകാര്യ മേഖലയിലെ വേതന വർദ്ധനവ് കോവിഡിന് മുമ്പുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ് 1.8 ശതമാനത്തിൽ എത്തി നിൽക്കുന്നു. വളരെ ആവശ്യമായ ശമ്പളവർദ്ധനവിന് ധനസഹായം നൽകാൻ ചാൻസലർ തയ്യാറാകണമെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്‌നിയ ആവശ്യപ്പെട്ടു. നവംബറിലെ ശമ്പള മരവിപ്പിക്കൽ ഒട്ടേറെ കുടുംബങ്ങളെ തകർത്തുകളഞ്ഞെന്ന് അവർ ആരോപിച്ചു. കുതിച്ചുയരുന്ന എനർജി ബില്ലിനും വിലക്കയറ്റത്തിനും ഇടയിൽ നട്ടം തിരിയുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷ.