ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് മാറിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാറാത്തത് മാറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് . കൂടുതൽ വ്യക്തത തേടിയപ്പോൾ, അതിന്റെ മേൽ ആവശ്യമില്ലാത്ത ചർച്ച വേണ്ടെന്നായിരുന്നു എകെജി സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച പ്രസ്താവനകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ സംഭവങ്ങളിൽ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നും എന്നാൽ അത് അടഞ്ഞ അധ്യായമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ മൂന്നാംഭരണത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന്, “അക്കാര്യത്തിൽ എന്തു സംശയം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എൻഎസ്എസുമായുള്ള ബന്ധം കുറവായിരുന്നില്ലേ എന്ന മാധ്യമചോദ്യത്തിന്, “സ്വരച്ചേർച്ച ഇല്ലാത്തിടത്തല്ലേ ചേർച്ച ആവശ്യമുള്ളത്” എന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. ഇടതുപക്ഷത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്, സർക്കാർ നിലപാടിനും വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒക്ടോബറിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട എയിംസ് നഷ്ടപ്പെടുത്താൻ കേന്ദ്രമന്ത്രി ബിജെപിയിലെ ഒരു വിഭാഗത്തോടൊപ്പം ശ്രമിക്കുന്നുവെന്നും, അത് കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന നിരുത്തരവാദപരമായ നടപടിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
Leave a Reply