ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സീറോ മലബാർ സഭയിലെ വിശ്വാസികളും ക്നാനായ സമൂഹവും സംബന്ധിച്ചുള്ള വിവാഹ കൂദാശയുടെ സാധുതയെ കുറിച്ച് കാനോനിക നിയമങ്ങൾ വിശദീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സർക്കുലർ പുറത്തിറക്കി. 2016-ൽ പാപ്പാ ഫ്രാൻസിസ് സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പരിധിയിലാണ് ബ്രിട്ടനിലെ ക്നാനായരടക്കമുള്ള എല്ലാ സീറോ മലബാർ വിശ്വാസികളും ഉൾപ്പെടുന്നതെന്ന് സർക്കുലർ വ്യക്തമാക്കി. ബ്രിട്ടനിൽ സ്ഥിരതാമസമോ (ഡൊമിസൈൽ) ക്വാസി–ഡൊമിസൈൽ പദവിയോ ഉള്ളവർ സീറോ മലബാർ രൂപതയുടെ നിയമപരിധിയിലായിരിക്കുമെന്നും, ഇവരുടെ ആത്മീയ പരിപാലനത്തിന്റെ ചുമതല രൂപതയിലെ വൈദികർക്കാണ് എന്നും സർക്കുലർ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറോ മലബാർ സഭ പൗരസ്ത്യ സഭകളിൽപ്പെട്ട ഒരു സ്വയംഭരണ സഭയായതിനാൽ അതിലെ വിശ്വാസികൾ തമ്മിലുള്ള വിവാഹം സാധുവായിരിക്കണമെങ്കിൽ അതാത് സഭയുടെ പുരോഹിതന്റെ നേതൃത്വത്തിലാണ് നടത്തേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. രണ്ട് വ്യത്യസ്ത സഭകളിൽ പെട്ട വിശ്വാസികൾ തമ്മിലുള്ള വിവാഹത്തിന് അനുമതി ആവശ്യമില്ല. ഒരേ സഭയിൽ പെട്ട രണ്ട് വിശ്വാസികളുടെ വിവാഹം അവരുടേതിൽ നിന്ന് വ്യത്യസ്തമായ റീത്തിൽ വിവാഹം നടത്തുമ്പോൾ അതിന് രൂപതാ മെത്രാനോ അധികാരപ്പെട്ട പുരോഹിതനോ നൽകിയ അനുമതി അനിവാര്യമാണെന്നും മാർ സ്രാമ്പിക്കൽ വ്യക്തമാക്കി. ഒരു ഇടവകയിൽ പേര് രജിസ്റ്റർ ചെയ്യുന്നത് ഭരണപരമായ കാര്യം മാത്രമാണ്; അത് സഭാപരമായ അംഗത്വം നിർണ്ണയിക്കുന്നില്ല എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

ക്നാനായ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കാൻ രൂപത നടത്തിയ നടപടികളും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയുടെ അഭ്യർഥന പ്രകാരം, രാജ്യത്തുടനീളം 15 ക്നാനായ മിഷനുകളും 8 ക്നാനായ വൈദികരുടെ സേവനവുമാണ് രൂപത ക്രമീകരിച്ചിരിക്കുന്നത്. തോമാശ്ലീഹായുടെ ആഗമനം സുറിയാനി പാരമ്പര്യത്തിന് ശക്തി നൽകിയതുപോലെ, ക്നാനായ പാരമ്പര്യം സീറോ മലബാർ സഭയുടെ ജീവിതസ്രോതസ്സിനകത്ത് തന്നെയാണ് നിലനിൽക്കേണ്ടത്,” എന്ന് ബിഷപ്പ് സർക്കുലറിൽ ഓർമ്മിപ്പിച്ചു. പരിശുദ്ധ മറിയം, മാർ യൗസേപ്പ്, മാർ തോമാശ്ലീഹ, വിശുദ്ധ അൽഫോൻസാമ്മ എന്നിവർ മധ്യസ്ഥരായി എല്ലാ വിശ്വാസികളിലേക്കും ദൈവാനുഗ്രഹം നിറയട്ടേയെന്ന് പ്രാർത്ഥിച്ച് മാർ സ്രാമ്പിക്കൽ സന്ദേശം സമാപിച്ചു. സർക്കുലർ ഒക്ടോബർ 12, 2025-നോ അതിനടുത്ത ഞായറാഴ്ചയോ എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയ്ക്കിടെ വായിക്കണമെന്ന് രൂപത നിർദേശിച്ചു.