ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ജയിലിൽ നിന്ന് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോചിതനായ ലൈംഗികാതിക്രമക്കേസിലെ എത്യോപ്യൻ കുടിയേറ്റക്കാരൻ ഹദുഷ് കെബാതുവിനെ യുകെയിൽ നിന്ന് നാടുകടത്തിയതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ച കേസിൽ കുറ്റക്കാരനായി കോടതി വിധിച്ചിരുന്ന കെബാതുവിനെ കഴിഞ്ഞ ആഴ്ച എസ്സെക്സിലെ ജയിലിൽ നിന്നാണ് വിട്ടയച്ചത്. സംഭവം വെളിവായതോടെ രാജ്യമെമ്പാടും ജയിലിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പിഴവിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയവും ജയിൽ വകുപ്പും അടിയന്തര അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച കെബാതുവിനെ കസ്റ്റഡിയിലെടുത്തുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി തന്നെ അദ്ദേഹത്തെ വിമാനത്തിൽ കയറ്റി എത്യോപ്യയിലേക്ക് അയച്ചു. ബുധനാഴ്ച രാവിലെ കെബാതു തന്റെ ജന്മദേശമായ എത്യോപ്യയിൽ എത്തിച്ചേർന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഉണ്ടായ ഈ വീഴ്ച ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജാഗ്രതയ്ക്കും പോലീസിന്റെ അതിവേഗ ഇടപെടലിനും നന്ദിയുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. ജയിലുകളിലെ ജീവനക്കാരുടെ ക്ഷാമം, അധികഭാരം, ഭരണ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. ബ്രിട്ടീഷ് ജയിലുകളിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കർശന മാർഗ്ഗനിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.











Leave a Reply