ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി. പണപ്പെരുപ്പം ഉച്ചസ്ഥായിലെത്തിയെന്ന് വിലയിരുത്തിയാണ് ബാങ്ക് ഈ തീരുമാനം എടുത്തത്. വിലക്കയറ്റം ഇപ്പോൾ 3.8 ശതമാനമായിരിക്കെ, ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലേക്കെത്താൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് സൂചന. “വിലകൾ കുറയുന്നതിന്റെ വ്യക്തമായ തെളിവ് ലഭിക്കുന്നതുവരെ നിരക്ക് കുറയ്ക്കാൻ കാത്തിരിക്കും എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു.

പലിശനിരക്ക് നിലനിർത്താനുള്ള തീരുമാനത്തിൽ അവലോകന സമിതിയിലെ ഒൻപത് അംഗങ്ങളിൽ അഞ്ചുപേർ അനുകൂലിക്കുകയും നാലുപേർ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം വിലക്കയറ്റം മൂലം പലരും ചെലവുകുറഞ്ഞ വിപണികളിലേയ്ക്ക് തിരിയുകയാണെന്ന സൂചനകളുണ്ട് . ഭക്ഷ്യവില വർധന തുടരുന്നതിനാൽ ഉപഭോക്താക്കൾ വില കുറഞ്ഞ പച്ചക്കറികളിലേക്കും രണ്ടാം തരം വസ്ത്രവിപണിയിലേക്കും നീങ്ങുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ താഴേക്കു പോകുന്നതായി ബാങ്കിന്റെ പ്രവചനം കാണിക്കുന്നുവെന്ന് ധനകാര്യമന്ത്രി റേച്ചൽ റീവ്സ് വ്യക്തമാക്കി. “രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാനായുള്ള നീതിപൂർവമായ തീരുമാനങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കും എന്ന് റീവ്സ് പറഞ്ഞു. നികുതി കൂട്ടി ജനങ്ങളെ വലയിലാക്കുകയാണെന്ന ആരോപണം ആണ് പ്രതിപക്ഷം ഉന്നയിച്ചത് . തൊഴിലില്ലായ്മ നിരക്ക് ഈ വർഷാവസാനം 5 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്നും, നിക്ഷേപരംഗത്ത് അനശ്ചിതത്വം തുടരുകയാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











Leave a Reply