ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സർവകലാശാലകളിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രികൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരുകാലത്ത് നല്ല രീതിയിൽ അക്കാദമിക് മികവ് തെളിയിച്ച കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രം ലഭിച്ചിരുന്ന ഫസ്റ്റ് ക്ലാസ് ബിരുദം ഇന്ന് സാധാരണ നേട്ടമായി മാറുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. ഇതോടെ സർവകലാശാലകളിലെ പഠന നിലവാരവും മൂല്യനിർണയ രീതികളും വീണ്ടും ചർച്ചയാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും തൊഴിൽ മേഖലയിലെ സ്ഥാപനങ്ങളും ഈ പ്രവണതയെ ആശങ്കയോടെയാണ് കാണുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം 30 ശതമാനം വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് ഡിഗ്രി ലഭിക്കുന്നുണ്ട്. എന്നാൽ 2006–07 കാലയളവിൽ ഇത് 13 ശതമാനത്തിന് താഴെ മാത്രമായിരുന്നു . ഈ വലിയ വർധനവ് ആണ് അക്കാദമിക് നിലവാരത്തിൽ വിട്ടുവീഴ്ചകൾക്ക് കാരണമായോ എന്ന സംശയം ശക്തമാക്കുന്നത് . തൊഴിൽദാതാക്കൾ ബിരുദഫലങ്ങളെ വിലയിരുത്തുമ്പോൾ മുൻകാലത്തെ പോലെ ഫസ്റ്റ് ക്ലാസ് എന്ന മാനദണ്ഡത്തിന് അത്ര മുഖവില കൊടുക്കുന്നില്ലെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട് . ഇതു യുവ ബിരുദധാരികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നതായുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്.

സർവകലാശാലകൾ ഈ മാറ്റങ്ങളെ ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട് . പഠനരീതികളിലും മൂല്യനിർണയ സംവിധാനങ്ങളിലും വന്ന പരിഷ്കാരങ്ങൾ, ഓൺലൈൻ പഠന സംവിധാനങ്ങളുടെ വ്യാപനം, അധ്യാപന നിലവാരത്തിലെ മെച്ചപ്പെടുത്തൽ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന കൂടുതൽ അക്കാദമിക് പിന്തുണ എന്നിവയാണ് ഫലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിശദീകരണം. വിദ്യാർത്ഥികളുടെ കഴിവ് വർധിച്ചതിന്റെ പ്രതിഫലനമാണ് ഈ ഫലങ്ങളെന്നും സർവകലാശാലകൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഫസ്റ്റ് ക്ലാസ് ഡിഗ്രികളുടെ അനിയന്ത്രിത വർധന വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ദീർഘകാലത്ത് എങ്ങനെ ബാധിക്കും എന്നതിൽ കൂടുതൽ പഠനവും കർശനമായ വിലയിരുത്തലും ആവശ്യമാണെന്നാണ് പൊതുവായി ഉയർന്നുവരുന്ന അഭിപ്രായം.