ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന കോടതികളിൽ മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി. കോടതിക്കുള്ളിൽ ചിത്രങ്ങളോ വീഡിയോകളോ രഹസ്യമായി പകർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഗ്ലാസ് ധരിച്ച് കോടതിയിലെത്തുന്നവരിൽ നിന്ന് അവ പ്രവേശന കവാടത്തിൽ തന്നെ പിടിച്ചുവാങ്ങി മടങ്ങുമ്പോൾ തിരിച്ചു നൽകുമെന്ന് ഹിസ് മജസ്റ്റിയുടെ കോടതികളും ട്രൈബ്യൂണൽ സേവനവും (HMCTS) അറിയിച്ചു.

കോടതിക്കുള്ളിൽ അനുമതിയില്ലാതെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് ബ്രിട്ടനിൽ നിയമ വിരുദ്ധമാണ്. സ്മാർട്ട്ഫോണുകൾ കോടതിയിലേക്ക് കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും അവ ഉപയോഗിച്ച് നടപടികൾ റെക്കോർഡ് ചെയ്യാൻ പാടില്ല. എന്നാൽ വീഡിയോയും ഓഡിയോയും രേഖപ്പെടുത്താൻ കഴിയുന്ന സ്മാർട്ട് ഗ്ലാസുകൾക്ക് പ്രത്യേക ഇളവ് നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ന്യൂയോർക്ക് കോടതികളും സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യതാ ലംഘന ആശങ്കകളെ തുടർന്ന് മെറ്റാ ഗ്ലാസുകൾക്കെതിരെ വിവിധ മേഖലകളിൽ പ്രതിഷേധം ശക്തമാകുകയാണ്. ബ്രിട്ടനിലെ ചില പബ്ബുകളും റെസ്റ്റോറന്റുകളും തിയറ്ററുകളും ഇതിനകം തന്നെ ഈ ഉപകരണം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 70 ലക്ഷം ജോഡി ഗ്ലാസുകൾ മെറ്റ വിറ്റഴിച്ചിരുന്നുവെങ്കിലും ആളുകളെ അവരുടെ അറിവില്ലാതെ ചിത്രീകരിക്കാൻ ഉപയോഗിക്കാമെന്ന ആശങ്കയാണ് പുതിയ നിയന്ത്രണങ്ങൾക്ക് പിന്നിൽ.











Leave a Reply