ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ ടർബുലൻസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. വിമാനത്തിന്റെ ക്യാപ്റ്റൻ നടത്തിയ സ്ഥിരീകരണ ലഹരി പരിശോധനയിൽ (ഡോപ്പ് ടെസ്റ്റ്) നിരോധിത മനോപ്രേരക വസ്തുവായ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 4-ന് ഫുക്കറ്റ്–ഡൽഹി എഐ2379 വിമാനത്തിന് യാത്രാമധ്യേ ശക്തമായ ടർബുലൻസ് നേരിട്ടതിനെ തുടർന്ന് വിമാനം ഏകദേശം 300 അടി താഴേക്ക് പതിച്ചിരുന്നു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ഡൽഹിയിലെത്തിയ ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ക്യാപ്റ്റന്റെ സാമ്പിൾ ‘നോൺ-നെഗറ്റീവ്’ ആയതിനെ തുടർന്ന് വിശദമായ ലാബ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇതിനിടെ എയർ ഇന്ത്യ സിഇഒയെ വിശദീകരണത്തിനായി വിളിച്ചുവരുത്തിയതോടൊപ്പം, അപകടാന്വേഷണ ബ്യൂറോയും (AAIB) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) അന്വേഷണം തുടരുകയാണ്. പരിശോധനാഫലവും ടർബുലൻസ് സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക നിഗമനമൊന്നും പുറത്തുവന്നിട്ടില്ല.











Leave a Reply