ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള യുകെയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് മയപ്പെടുത്തി . ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഏറ്റവും മികച്ച കരാറാണ് ഇത് എന്ന് ട്രംപ് പ്രതികരിച്ചത് . കഴിഞ്ഞ മാസം വരെ ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററിയുടെ ഭാഗമായ ഡിയാഗോ ഗാർസിയ ഉൾപ്പെടെയുള്ള ദ്വീപുകൾ വിട്ടുനൽകുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് വിമർശിച്ചിരുന്നു. ചൈനയും റഷ്യയും ഈ നീക്കത്തെ ദൗർബല്യമായി കാണുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരാർ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറും. എന്നാൽ ഡിയാഗോ ഗാർസിയ ദ്വീപ് 99 വർഷത്തേക്ക് ലീസിൽ എടുത്ത് അവിടെ പ്രവർത്തിക്കുന്ന സംയുക്ത യു.എസ്–യുകെ സൈനിക താവളം തുടരും. വ്യാഴാഴ്ച നടന്ന ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് ഡിയാഗോ ഗാർസിയ ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിലുള്ള തന്ത്രപ്രധാന കേന്ദ്രമാണെന്നും യു.എസ് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി. സൈനിക പ്രവർത്തനങ്ങളുടെ വിജയത്തിൽ താവളങ്ങളുടെ സ്ഥാനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയിൽ ലീസ് കരാർ തകരുകയോ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് ഭീഷണി ഉയരുകയോ ചെയ്താൽ സൈനികമായി ഇടപെടാനുള്ള അവകാശം നിലനിർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സ്റ്റാർമറുമായി നടത്തിയ സംഭാഷണത്തിൽ ഡിയാഗോ ഗാർസിയയിലെ സംയുക്ത താവളം ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് നിർണായകമാണെന്ന് ഇരുവരും സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. കരാർ നടപ്പാക്കുന്നതിൽ യു.എസ്–യുകെ അടുത്ത സഹകരണം തുടരുമെന്നും അറിയിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയും റിഫോം യു.കെയും കരാറിനെതിരെ ശക്തമായ വിമർശനം തുടരുകയാണ്. ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വലിയ തന്ത്രപരമായ പിഴവ് ആണെന്ന് ആരോപിച്ചു. ട്രംപിന്റെ നിലപാട് മാറ്റം ഗ്രീൻലാൻഡ് വിഷയത്തിൻറെ തുടർച്ചയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത് .