ദില്ലി: സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കൂടുതൽ കടുപ്പിച്ച് കേന്ദ്ര സർക്കാർ 2021ലെ ഐടി നിയമം ഭേദഗതി ചെയ്തു ഉത്തരവിറക്കി. നിയമവിരുദ്ധമാണെന്ന് സർക്കാർ സംവിധാനങ്ങൾ വിലയിരുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വൻതോതിൽ കുറച്ചതാണ് പ്രധാന മാറ്റം. ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയപ്രകാരം, സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പ്രശ്നകരമായ ഉള്ളടക്കം മൂന്ന് മണിക്കൂറിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം. മുൻപ് ഇതിന് 36 മണിക്കൂർ വരെ സമയമുണ്ടായിരുന്നു.
ഡിഐജി റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ അധികാരം നൽകുന്ന ഭേദഗതിയിൽ, ഉപയോക്താവിനെയും പോസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള സമയപരിധിയും 24 മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്തൃ പരാതികൾ സ്വീകരിക്കാനുള്ള സമയം 15 ദിവസത്തിൽ നിന്ന് ഏഴ് ദിവസമാക്കി ചുരുക്കിയതോടൊപ്പം, പരാതി സ്വീകരിച്ചാൽ 36 മണിക്കൂറിനകം പരിഹാരം കാണണമെന്നും നിർദേശമുണ്ട്. സാങ്കേതികവും പ്രായോഗികവുമായ വെല്ലുവിളികൾ ഉയർത്തുന്ന ഈ നീക്കം സമൂഹമാധ്യമ കമ്പനികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
എഐ നിർമിത ഉള്ളടക്കങ്ങൾക്കുമേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന ഘടകം. സിന്തറ്റിക്കായി സൃഷ്ടിച്ച ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവ എഐ നിർമിതമാണെന്ന് വ്യക്തമായി ലേബൽ ചെയ്യണമെന്ന് നിയമം നിർദ്ദേശിക്കുന്നു. കുട്ടികളുടെ ദൃശ്യങ്ങളടങ്ങിയ ലൈംഗിക ചുവയുള്ള ഉള്ളടക്കം, ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന കണ്ടന്റ്, ഡീപ്പ് ഫേക്ക് ദൃശ്യങ്ങൾ തുടങ്ങിയവയെ നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റായി കണക്കാക്കി തടയേണ്ട ഉത്തരവാദിത്തവും സമൂഹമാധ്യമങ്ങൾക്ക് ഉണ്ടാകും. പുതിയ നയം രാഷ്ട്രീയ വിമർശനങ്ങളെ അടിച്ചമർത്താൻ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.











Leave a Reply