ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ റോയൽ ഓൾഡ്‌ഹാം ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്‌സ് അച്ചാമ്മ ചെറിയാനെ (57) ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിക്ക് 28 വർഷത്തെ തടവുശിക്ഷ വിധിച്ചു . റൗമോൺ ഹക്ക് (38) എന്ന പ്രതിക്കാണ് മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയിൽ 22 വർഷം കർശന ജയിൽവാസവും തുടർന്ന് ആറു വർഷത്തെ നിരീക്ഷണവും ഉൾപ്പെടുന്നു. ഇത് ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് കോടതി വിലയിരുത്തി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പും കോടതി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവത്തിൽ, മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഹക്ക്, മദ്യ-ലഹരിക്ക് അടിമയായിരുന്നു . രാത്രി ഷിഫ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അച്ചാമ്മ ഇയാളുടെ ആരോഗ്യനില പരിശോധിച്ച സമയത്തായിരുന്നു ആക്രമിക്കപ്പെട്ടത് . പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന കത്രികയുമായി പിന്നിലൂടെ പാഞ്ഞെത്തിയ ഇയാൾ, അച്ചാമ്മയുടെ കഴുത്തിലും തലയിലും മുഖത്തും മൂന്നു തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചാമ്മയെ സഹപ്രവർത്തകർ രക്ഷപ്പെടുത്തി ഐസിയുവിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ഇരുപത് വർഷത്തിലേറെ സേവനപരിചയമുള്ള അച്ചാമ്മയുടെ കൈയ്ക്ക് ഗുരുതരമായ പരുക്ക് സംഭവിച്ചതോടെ നേഴ്‌സിങ് തുടരുക തന്നെ പ്രയാസമായിരിക്കുകയാണ്. ശാരീരിക മുറിവുകളേക്കാൾ ഈ ആക്രമണം മാനസികമായി തകർത്തുവെന്നാണ് അവർ കോടതിയിൽ അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബ്രിട്ടനിലെ മലയാളി നേഴ്‌സിങ് സംഘടനകൾ ആവശ്യപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വിധിയെ സ്വാഗതം ചെയ്ത് അച്ചാമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ചു.