ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തെക്കൻ ഇംഗ്ലണ്ടിലെ നിരവധി മേഖലകളിൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) ആംബർ ഹീറ്റ് ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ ഇംഗ്ലണ്ട്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്.

വെള്ളിയാഴ്ച 30 ഡിഗ്രി സെൽഷ്യസിലെത്തുന്ന താപനില ഞായറാഴ്ച 32 ഡിഗ്രിയിലേക്കും തിങ്കളാഴ്ച 34 ഡിഗ്രിവരെയും ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ ശനിയാഴ്ചയോടെ ഔദ്യോഗിക ഹീറ്റ്വേവ് മാനദണ്ഡങ്ങൾ പൂർത്തിയാകുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ആംബർ മുന്നറിയിപ്പ് എന്നത് പ്രായമായവർക്കും രോഗികൾക്കും മാത്രമല്ല, പൊതുജനങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന സൂചനയാണ്.

അതേസമയം, ചൂട് കൂടുന്നതിനിടെ ജലാശയങ്ങളിൽ സുരക്ഷ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്തിടെ ചൂട് കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി പേർ ജലാശയങ്ങളിൽ മുങ്ങി മരിച്ചത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് യൂറോപ്പിലുടനീളം ഇത്തരം അതിശക്തമായ ഉഷ്ണ തരംഗങ്ങൾ കൂടുതൽ പതിവാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply