ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡൽഹി ∙ അഹമ്മദാബാദിൽ കഴിഞ്ഞ ജൂൺ 12 – ന് തകർന്നുവീണ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു . വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനെ തുടർന്നാണെന്ന നിഗമനത്തിലേക്ക് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നും, കോക്പിറ്റ് വോയിസ് റെക്കോർഡർ പരിശോധിച്ചതിൽ നിന്ന് രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന വിധത്തിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതായും വ്യക്തമാകുന്നതായി റിപ്പോർട്ട് പറയുന്നു. വിമാനത്തിന്റെ കമാൻഡറായിരുന്ന സുമീത് സബർവാളിനെതിരെ അന്വേഷണ സംഘം വിരൽചൂണ്ടുന്നതായാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽ 260 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടനെ ഒരു താമസ മേഖലയിൽ കെട്ടിടത്തിനു മുകളിലേക്ക് തകർന്നു വീണതായിരുന്നു ദുരന്തം. ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനഃപരിശോധിക്കുമെന്ന യുഎസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായതെന്നുമാണ് ചില വിദേശ മാധ്യമങ്ങളുടെ അവകാശവാദം.

യുഎസ് വിദഗ്ധരുമായി ചേർന്ന് നടത്തിയ സിമുലേറ്റർ പരിശോധനകളിൽ സാങ്കേതിക തകരാറിലൂടെ ഇരു എൻജിനുകളും ഒരേസമയം നിലയ്ക്കുന്ന സാഹചര്യം കണ്ടെത്താനായില്ലെന്നും മനുഷ്യ ഇടപെടലാണ് ഏക സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ നിഗമനങ്ങൾ രാഷ്ട്രീയമായ വിലയിരുത്തലുകൾക്കുശേഷം കൂടുതൽ ജാഗ്രതയോടെ അവതരിപ്പിക്കപ്പെടാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം, പൈലറ്റ് അസോസിയേഷനുകളും സുമീത് സബർവാളിന്റെ കുടുംബവും ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. വിമാന നിർമാതാക്കളെയും എയർലൈനിനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നതാണിതെന്ന് അവർ ആരോപിച്ചു.