തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ₹1,900 കോടി ചെലവഴിക്കാൻ കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് നാലുവരിയാക്കാൻ ₹5,217 കോടി ചെലവഴിക്കാനും തത്വത്തിൽ അംഗീകാരം ലഭിച്ചു. വേളിയിൽ കെ-സ്‌പെയ്‌സിന്റെ എയ്റോസ്‌പെയ്‌സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കുന്നതിനായി ₹600 കോടിയും അനുവദിച്ചു. ഇതോടെ ആകെ ₹8,081 കോടിയുടെ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകി.
എം.സി. റോഡിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഏഴ് ബൈപ്പാസുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരിക; മറ്റ് ഭാഗങ്ങളിൽ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി നിർദേശിച്ചതുപോലെ അല്ല പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനുപുറമെ വെള്ളിയാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ₹689.45 കോടിയുടെ വിവിധ പദ്ധതികൾക്കും ധനാനുമതി നൽകി. വർക്ക് നിയർ ഹോം പദ്ധതി വിപുലീകരണം, കോഴിക്കോട് പി.യു.കെ.സി റോഡ് വികസനം, തൃശ്ശൂർ ജനറൽ ആശുപത്രി വികസനം, വളപട്ടണം കല്ലൂരിക്കടവ് പാലം, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്ര വികസനം തുടങ്ങിയവയ്ക്ക് അനുമതി നൽകി. ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, കോഴിക്കോട് കനോലി കനാൽ വികസനം, അയ്യാ വൈകുണ്ഠസ്വാമി സ്മാരകം, ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയം എന്നിവയ്ക്കും തത്വത്തിൽ അംഗീകാരം ലഭിച്ചു.











Leave a Reply