തിരുവനന്തപുരം: ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യാത്രക്കാരൻ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സിൽ കയറാനായി 35 കിലോമീറ്റർ പിന്തുടർന്ന സംഭവമാണ് ശ്രദ്ധേയമാകുന്നത്. നിലമ്പൂരിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാരൻ ഗതാഗതക്കുരുക്കിൽപ്പെട്ട് സ്റ്റാൻഡിൽ വൈകിയാണ് എത്തിയത്. ബസ് പുറപ്പെട്ടതിനുശേഷം ബൈക്കിലും പിന്നീട് ടാക്സിയിലുമായി പിന്തുടർന്നാണ് ഒടുവിൽ ബസിനെ മറികടന്ന് കയറേണ്ടി വന്നത്.
ബസിന് തൊട്ടുപിന്നാലെ എത്തിയിരുന്നുവെങ്കിലും ‘തടഞ്ഞാൽ കയറ്റാമെന്ന’ കണ്ടക്ടറുടെ ഫോൺ മറുപടിയാണ് യാത്രക്കാരനെ മത്സരയോട്ടത്തിലേക്ക് നയിച്ചത്. പിന്നാലെ കൈകാണിച്ച് ഓടിയിട്ടും ബസ് നിർത്താൻ തയ്യാറായില്ലെന്നാണ് പരാതി. യാത്രക്കാരന്റെ അത്യാവശ്യം മനസ്സിലാക്കിയ ടാക്സി ഡ്രൈവർ ഏകദേശം 15 മിനിറ്റോളം പിന്തുടർന്നാണ് ബസിനെ മറികടന്നത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് പിഴവുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ എ. സുലൈമാനെ സൂപ്പർക്ലാസ് സർവീസുകളിൽ നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചു. നിയമപ്രകാരം യാത്രക്കാരെ കാത്തിരിക്കേണ്ടതില്ലെങ്കിലും തൊട്ടുപിന്നാലെ എത്തിയ സാഹചര്യത്തിൽ ബസ് നിർത്തേണ്ടിയിരുന്നുവെന്നാണ് കണ്ടെത്തൽ.











Leave a Reply