അബുദാബി: 15,000 ദിർഹം (ഏകദേശം മൂന്ന് ലക്ഷം രൂപ) വിലവരുന്ന സ്വർണ ബിസ്‌കറ്റ് വാങ്ങിയ പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോൾഡ് മെഴ്‌സിഡസ് കാർ. അൽ ഹബ്‌തൂരിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി സുമിത്തിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ഇരുപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുമിത്, സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ നിന്ന് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്.
ആദ്യമായാണ് അദ്ദേഹം ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ എത്തുന്നത്. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ എന്ന രീതിയിൽ ലഭിച്ച സമ്മാനക്കൂപ്പണുകളിൽ നിന്ന് 15,000 ദിർഹത്തിന്റെ വാങ്ങലിന് 30 വൗച്ചറുകൾ സുമിത്തിന് ലഭിച്ചു. ഇതിൽ ഒരു വൗച്ചറിനാണ് സ്വർണ നിറത്തിലുള്ള മെഴ്‌സിഡസ് കാർ സമ്മാനമായി ലഭിച്ചത്. സുരക്ഷിത നിക്ഷേപം നടത്താനെത്തിയ സുമിത്തിന് അപ്രതീക്ഷിതമായ സന്തോഷവാർത്തയായിരുന്നു ഇത്.
കടയിൽ നിന്ന് മടങ്ങുമ്പോൾ കാറിനുമുന്നിൽ നിന്ന് ഫോട്ടോ എടുത്തെങ്കിലും അത് സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയില്ലെന്ന് സുമിത് പറയുന്നു. ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി ഫോൺവിളി വന്നത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, പലരും കാർ വിറ്റ് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപദേശിച്ചെങ്കിലും കാർ ഉപയോഗിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply