ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷിച്ച പഠനസൗകര്യങ്ങൾ ലഭിച്ചില്ലെന്നാരോപിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം വിദ്യാർത്ഥികൾ കൂട്ടായ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. “സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലെയിം” എന്ന പേരിൽ നടക്കുന്ന ഈ കേസിൽ ഈ ആഴ്ച മാത്രം 30,000 പേർ കൂടി രജിസ്റ്റർ ചെയ്തതായി അഭിഭാഷകർ അറിയിച്ചു. കഴിഞ്ഞാഴ്ച യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (യു.സി.എൽ) 6,500 മുൻ വിദ്യാർത്ഥികളുമായി ധാരണയിലെത്തിയതോടെയാണ് കൂടുതൽ വിദ്യാർഥികൾ വിഷയത്തിൽ കക്ഷി ചേർന്നത് . ധാരണാ വ്യവസ്ഥകൾ രഹസ്യമാണെങ്കിലും 21 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ യു.സി.എൽ സമ്മതിച്ചുവെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സർവകലാശാല ഉത്തരവാദിത്വം സമ്മതിച്ചിട്ടില്ല.

ഉപഭോക്തൃ നിയമപ്രകാരം, വിദ്യാർത്ഥികൾ പൂർണ്ണകാല ക്ലാസ് മുറി പഠനത്തിനും ക്യാമ്പസ് സൗകര്യങ്ങൾക്കും ഫീസ് നൽകിയിട്ടും കോവിഡ് നിയന്ത്രണങ്ങൾ കാരണം പഠനം ഓൺലൈൻ രീതിയിലേക്കും ക്യാമ്പസുകൾ അടച്ചിടലിലേക്കും മാറിയതുകൊണ്ട് സേവനം കുറഞ്ഞുവെന്നാണ് വാദം. സാധാരണയായി ഓൺലൈൻ കോഴ്സുകളുടെ ഫീസ് നേരിട്ടുള്ള പഠനത്തേക്കാൾ 25-50% വരെ കുറവാണെന്നും അതിനാൽ “ന്യായമായ സാമ്പത്തിക നഷ്ടപരിഹാരം” ആവശ്യപ്പെടുന്നതാണെന്നും അഭിഭാഷകർ പറയുന്നു. അസേഴ്സൺ, ഹാർകസ് പാർക്കർ എന്നീ നിയമസ്ഥാപനങ്ങളിലെ അഭിഭാഷകർ ആണ് വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നത്.

ഇതിനകം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ 36 സർവകലാശാലകൾക്ക് മുൻകൂർ നോട്ടീസ് അയച്ചിട്ടുണ്ട്. ബാത്ത്, ബ്രിസ്റ്റൽ, കാർഡിഫ്, എക്സിറ്റർ, ഇംപീരിയൽ കോളേജ് ലണ്ടൻ, ലീഡ്സ്, ലിവർപൂൾ, വാർവിക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സർവകലാശാലാ മേഖലയ്ക്ക് ഈ നീക്കം വലിയ ആഘാതമാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ കോവിഡ് കാലത്തെ പഠന നഷ്ടം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ നിയമപ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.











Leave a Reply