ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ്ഷയറിലെ എൽസ്റ്റോവിന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് റെയിൽ ഗതാഗതത്തിലെ വൻ തടസം കുറഞ്ഞത് ഒരാഴ്ചകൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 19ന് നടന്ന അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ 28 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമായി തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോ‍ർബിയിൽ നിന്ന് ലണ്ടൻ സെന്റ് പാൻക്രസിലേക്കു പോയിരുന്ന ട്രെയിൻ, നോട്ടിംഗ്ഹാമിൽ നിന്ന് എത്തിയ മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തകർന്ന കോച്ചുകളും വൈദ്യുതി ലൈനുകളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൻ ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനവും പാളം പുനഃസ്ഥാപിക്കുന്ന ജോലികളും നടക്കുന്നത്. ബെഡ്ഫോർഡിനും ലണ്ടൻ സെന്റ് പാൻക്രസിനും ഇടയിലെ പ്രധാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ചില ഭാഗങ്ങളിൽ മാത്രമാണ് പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസും അന്വേഷണം ആരംഭിച്ചു. സിഗ്നൽ സംവിധാനങ്ങളുടെയും ട്രെയിനുകളിലെ ഡേറ്റാ റെക്കോർഡറുകളുടെയും വിവരങ്ങൾ പരിശോധിച്ചു വരികയാണ്. നിലവിൽ ഇത് ഒറ്റപ്പെട്ട ദാരുണ അപകടമായാണ് അധികൃതർ കണക്കാക്കുന്നത്. ട്രെയിൻ ഗതാഗത തടസം നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാർ അത്യാവശ്യമായാൽ മാത്രമേ യാത്ര ചെയ്യാവൂ എന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.