ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച തന്നെ രാജി പ്രഖ്യാപനത്തിനുള്ള സമയക്രമം പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ലേബർ പാർട്ടിക്കുള്ളിൽ നിന്നുള്ള ശക്തമായ സമ്മർദവും എംപിമാരുടെ പിന്തുണ കുറഞ്ഞതുമാണ് സ്റ്റാർമറെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാം നേടിയ വൻവിജയം പാർട്ടിയിലെ നേതൃത്വമാറ്റ ആവശ്യങ്ങൾക്ക് കൂടുതൽ കരുത്തേകിയിട്ടുണ്ട്.
സ്റ്റാർമർ ഉടൻ പദവി ഒഴിയാതെ സെപ്റ്റംബറിൽ നടക്കുന്ന ലേബർ പാർട്ടി സമ്മേളനം വരെ പ്രധാനമന്ത്രിയായി തുടരുന്ന രീതിയിലുള്ള കൈമാറ്റ പദ്ധതിയാണ് പരിഗണിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ പാർട്ടിക്കുള്ളിൽ വലിയ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബേൺഹാമിന് ഇരുന്നൂറിലധികം ലേബർ എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉൾപ്പെടെയുള്ള നേതാക്കൾ മത്സരരംഗത്തിറങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു.
കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, ഊർജനയം തുടങ്ങിയ വിഷയങ്ങളിൽ വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് നേതൃത്വ പ്രതിസന്ധി രൂക്ഷമായത്. ആൻഡി ബേൺഹാം നേതൃത്വത്തിലെത്തിയാൽ പൊതുസേവന മേഖലയിൽ കൂടുതൽ സർക്കാർ ഇടപെടലിനും മുൻകാല സ്വകാര്യ വത്കരണ നയങ്ങളുടെ പുനഃപരിശോധനയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ സമീപനം ലേബർ പാർട്ടി സ്വീകരിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാരമാറ്റത്തിന് വേദിയൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.











Leave a Reply