ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (National Health Service) കൺസൾട്ടന്റായി ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ ഡോ. സംഗരം പാട്ടിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുള്ള പൊലീസ് കേസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയിലെ പ്രമുഖ നേതാവിനെ കുറിച്ച് “ആക്ഷേപകരമായ ഉള്ളടക്കം” പോസ്റ്റ് ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജനുവരി 19ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ലുക്ക് ഔട്ട് സർകുലർ പുറപ്പെടുവിച്ചിരുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനാൽ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയുന്നതാണ് ഈ നോട്ടീസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഹാരാഷ്ട്രയിലെ ബിജെപി സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന നിഖിൽ ഭാംറെയുടെ പരാതിയെ തുടർന്ന് ഡിസംബർ 18നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ചുള്ള പോസ്റ്റിനെ തുടർന്നാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം സൃഷ്ടിക്കാവുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു” എന്ന കുറ്റം ചുമത്തിയാണ് ഇന്ത്യൻ ക്രിമിനൽ കോഡിലെ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. പരമാവധി മൂന്ന് വർഷം തടവ് ലഭിക്കാവുന്ന, ജാമ്യമുള്ള കുറ്റമാണിത്. ആരോപണം തള്ളിയ പാട്ടിൽ, തന്റെ പോസ്റ്റ് “സർക്കാർ അനുകൂലികളോട് ചോദിച്ച ഒരു ലളിതമായ ചോദ്യം മാത്രമാണെന്നും യാതൊരു സമൂഹത്തെയും ലക്ഷ്യമിട്ടതല്ലെന്നും വ്യക്തമാക്കി.

ജനുവരി 10നും 16നും മുംബൈയിൽ എത്തിയ ശേഷം 20 മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി പാട്ടിൽ പറയുന്നു. ലുക്ക് ഔട്ട് സർകുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഫെബ്രുവരി 27ന് വീണ്ടും പരിഗണിക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഭരണഘടനാ പദവിയിലുള്ള വ്യക്തിയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, ഒരു ബ്രിട്ടീഷ് പൗരന് ഇന്ത്യയിൽ സഹായം നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധത്തിലാണെന്നും യുകെയിലെ വിദേശകാര്യ ഓഫീസ് അറിയിച്ചു.