ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യമൊട്ടാകെ ഉയരുന്ന അഞ്ചാം പനി ഭീക്ഷണിക്കെതിരെ ശക്തമായ നടപടികളാണ് ബർമിംഗ്ഹാമിലെ പ്രാദേശിക എൻഎച്ച്എസ് നടപ്പിലാക്കുന്നത് . 2023-ലെ വ്യാപന സമയത്ത് മാതാപിതാക്കളെ ബോധവൽക്കരിച്ചതോടെ 1,000ഓളം പ്രധിരോധ വാക്സിൻ സ്വീകരിക്കാത്ത കുടുംബങ്ങൾ എം.എം.ആർ (ചുമപ്പനി, മംപ്സ്, റുബെല്ല) വാക്സിൻ സ്വീകരിച്ചിരുന്നു. 500-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത ആ വർഷത്തെ അനുഭവം അടിസ്ഥാനമാക്കി ഈ വർഷവും “കോൾ ആൻഡ് റീകോൾ” സംവിധാനം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. വാക്സിനേഷൻ നിരക്ക് 95% എന്ന കൂട്ടപ്രതിരോധ ലക്ഷ്യത്തിന് താഴെയായതിനാൽ കുട്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രോഗവ്യാപനം തടയാനാണ് ശ്രമം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫോൺകോളുകൾക്കൊപ്പം പരസ്യപ്രചാരണവും വിവിധ ഭാഷകളിലുള്ള ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട് . റോമ്മ, കിഴക്കൻ യൂറോപ്യൻ, ദക്ഷിണേഷ്യൻ, കറുത്തവർഗ സമൂഹങ്ങളിൽ കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക്, ഉർദു തുടങ്ങിയ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കി. ചില ജിപി ക്ലിനിക്കുകൾ മാതാപിതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സംശയങ്ങൾ തീർക്കുന്ന സംവിധാനം ആരംഭിച്ചു കഴിഞ്ഞു . പന്നി ജെലറ്റിൻ അടങ്ങിയ എം.എം.ആർ വാക്സിനെ കുറിച്ചുള്ള മതപരമായ ആശങ്കകൾക്ക് ജെലറ്റിൻ രഹിത പതിപ്പ് നൽകിയും, 1990-കളിൽ ഉയർന്ന ഓട്ടിസം ആരോപണങ്ങൾ ശാസ്ത്രീയമായി തള്ളിക്കളഞ്ഞുമാണ് ബോധവൽക്കരണം നടത്തുന്നത്.

2024-ൽ അധികമായി 7,000 വാക്സിനുകൾ നൽകാൻ കഴിഞ്ഞെങ്കിലും 2025-ൽ നിരക്ക് വീണ്ടും താഴ്ന്നതായി എൻഎച്ച്എസ് അറിയിച്ചു. രാജ്യവ്യാപകമായി അഞ്ചു വയസിനു മുമ്പ് രണ്ടു ഡോസ് എം.എം.ആർ സ്വീകരിച്ച കുട്ടികൾ 85 ശതമാനത്തിൽ താഴെയാണെന്നാണ് കണക്കുകൾ കാണിക്കുന്നത് . സാമ്പത്തിക പ്രതിസന്ധി, തെറ്റായ പ്രചാരണം, കോവിഡ് കാലത്തെ ആശയക്കുഴപ്പം എന്നിവ വാക്സിൻ സ്വീകരണത്തെ ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംശയങ്ങൾ പരിഹരിക്കുകയും സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ വാക്സിനേഷൻ നിരക്ക് ഉയർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകർ.