ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ നടന്ന വ്യോമയാന മേഖലയിലെ വൻ തട്ടിപ്പിൽ ബ്രിട്ടീഷ് കോടതി കർശന ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ എ.ഒ.ജി ടെക്നിക്സ് കമ്പനിയുടെ ഡയറക്ടറായ ഹോസെ അലക്സാണ്ടറോ സമോറ ഇറാലയ്ക്കാണ് നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചത്. 2019 മുതൽ 2023 വരെ വ്യാജ വിമാന ഭാഗങ്ങൾ വിൽപ്പന നടത്തി കോടികൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത് . വീടിനോട് ചേർന്ന ഗാരേജിൽ ഇരുന്ന് ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളെ ഇയാൾ കബളിപ്പിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാന എഞ്ചിനുകളിൽ ഉപയോഗിക്കുന്ന നിർണായക ഭാഗങ്ങളായ ബ്ലേഡുകൾ, ബോൾട്ടുകൾ, വാഷറുകൾ എന്നിവ ശേഖരിച്ച് കൃത്രിമ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി യഥാർത്ഥ ഭാഗങ്ങളെന്നു പറഞ്ഞ് വിൽക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി. ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന സി.എഫ്.എം 56 എഞ്ചിനുകളിൽ അറുപതിനായിരത്തിലധികം വ്യാജ ഭാഗങ്ങൾ ഘടിപ്പിച്ചതായി കണ്ടെത്തി. ബോയിംഗ് 737, എയർബസ് എ 320 എന്നീ ജനപ്രിയ യാത്രാവിമാനങ്ങളിലാണ് ഈ എഞ്ചിനുകൾ ഉപയോഗിക്കുന്നത്. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ തന്നെ ഗുരുതരമായി അപകടത്തിലായെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

പോർച്ചുഗലിലെ പ്രമുഖ വിമാനക്കമ്പനിയായ ടി.എ.പി എയർ പോർച്ചുഗൽ ഒരു എഞ്ചിനിൽ ബോൾട്ട് ശരിയായി ഘടിപ്പിക്കാനാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ബ്രിട്ടനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അതോറിറ്റി, യൂറോപ്പിലെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി എന്നിവ അടിയന്തിര മുന്നറിയിപ്പ് നൽകി . ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിമാനങ്ങൾ പരിശോധനയ്ക്കായി സർവീസ് നിർത്തി വെക്കേണ്ടിവന്നു. പ്രതിയെ എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടർ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുകയും സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.