കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം നടന്നതായി റിപ്പോർട്ട്. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും Reuters വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ IRIS Denaയ്ക്കെതിരെയാണ് ആക്രമണം നടന്നത്.
കപ്പലിലുണ്ടായിരുന്ന 180 പേരിൽ 32 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെ കപ്പലുകളും വ്യോമസേന വിമാനങ്ങളും വിന്യസിച്ചതായും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. കടലിൽ തുടരുന്ന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര സഹായം പരിഗണിക്കുന്നതായും അധികൃതർ സൂചിപ്പിച്ചു.
പരിക്കേറ്റ 78 പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തിര ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു. മറ്റുള്ളവർക്ക് നിസാര പരിക്കുകൾക്ക് ചികിത്സ നൽകുകയാണെന്നും അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലവും ഉത്തരവാദിത്വവും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായി ശ്രീലങ്കൻ പ്രതിരോധവകുപ്പ് അറിയിച്ചു.











Leave a Reply