ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലോസ്റ്റർഷെയറിലെ ട്യൂക്സ്‌ബറിയിൽ ഒരു സ്ത്രീയെ 25 വർഷത്തോളം അടിമയെപോലെ വീട്ടിൽ തടവിൽ വെച്ച് പീഡിപ്പിച്ച കേസിൽ പത്ത് മക്കളുടെ അമ്മയായ 56-കാരി മാൻഡി വിക്സണിന് 13 വർഷം തടവ് ശിക്ഷ വിധിച്ചു. ഗ്ലോസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈകല്യമുള്ള സ്ത്രീയെ വീട്ടിൽ തടവിലാക്കി വീട്ടുപണികൾ നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും നിരവധി തവണ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പാത്രം കഴുകുന്ന ദ്രാവകം ദേഹത്ത് ഒഴിക്കുക , നിർബന്ധിച്ച് തല മുണ്ഡനം ചെയ്യിക്കുക തുടങ്ങിയ ക്രൂരതകൾക്കും ഇവർ ഇരയായതായി കോടതി കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1996-ൽ, 16 വയസ്സുള്ളപ്പോൾ കുടുംബവുമായി പരിചയമുണ്ടായിരുന്ന വിക്സന്റെ വീട്ടിലേക്കാണ് യുവതി എത്തിയത്. തുടർന്ന് വർഷങ്ങളോളം അവൾ അവിടെ തടവിലായി കഴിയേണ്ടിവന്നു. നിലം വൃത്തിയാക്കാൻ നിരന്തരം മുട്ടുകുത്തി ജോലി ചെയ്യിപ്പിച്ചതിനെ തുടർന്ന് കാലുകളിൽ പാടുകൾ രൂപപ്പെട്ടതായും ദീർഘകാല അണുബാധകളാൽ പല്ലുകൾ നഷ്ടപ്പെട്ടതായും ഡോക്ടർമാർ കോടതിയിൽ മൊഴി നൽകി. അതേസമയം, 25 വർഷത്തിനിടെ വിക്സൺ അവളുടെ പേരിൽ സർക്കാർ ആനുകൂല്യമായി ഒരു ലക്ഷം പൗണ്ടിലധികം തുക കൈപ്പറ്റിയിരിക്കാമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.

2021 മാർച്ച് 15-ന് വിക്സന്റെ മക്കളിൽ ഒരാൾ യുവതിയുടെ അവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അവളെ രക്ഷപ്പെടുത്തിയത്. 25 വർഷം ഭയത്തിന്റെയും പീഡനത്തിന്റെയും നടുവിലാണ് താൻ ജീവിച്ചത് എന്നാണ് ഇരയായ സ്ത്രീ കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞത്. രക്ഷപ്പെടുത്തിയ ശേഷം അവർ ചികിത്സയിൽ തുടരുകയാണ്. എന്നാൽ നഷ്ടമായ വർഷങ്ങൾ തിരികെ ലഭിക്കില്ലെന്ന വേദനയും അവർ പങ്കുവച്ചു. സംഭവത്തെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ സാമൂഹ്യ സേവന സംവിധാനത്തിന്റെ ഇടപെടലിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.