ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തുന്ന വിലക്ക് ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് സാംസ്‌കാരിക മന്ത്രി ലിസ നാൻഡി. വിന്റഡ് (Vinted), ഇബേ (eBay) തുടങ്ങിയ ഓൺലൈൻ വിൽപ്പന സൈറ്റുകളെയും നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന് അവർ വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 16 വയസ്സിൽ താഴെയുള്ളവർക്കുള്ള വിലക്ക് അടുത്ത വർഷം മാർച്ചിൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓൺലൈൻ വിപണന സൈറ്റുകളിലെ സന്ദേശമയയ്ക്കൽ സംവിധാനങ്ങൾ വഴി അപരിചിതർ കുട്ടികളുമായി ബന്ധപ്പെടാനും അവരെ ചൂഷണം ചെയ്യാനും സാധ്യതയുണ്ടെന്ന ആശങ്കയാണ് പുതിയ നിർദേശത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഡിപോപ്പ് (Depop), ഫെയ്സ്ബുക്ക് മാർക്കറ്റ്പ്ലേസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും നിയന്ത്രണത്തിന്റെ പരിധിയിൽ വന്നേക്കാം. നിലവിൽ ഇബേയിൽ അക്കൗണ്ട് തുടങ്ങാൻ 18 വയസ്സ് പൂർത്തിയായിരിക്കണം. വിന്റഡിലും മുതിർന്നവർക്കാണ് പ്രധാനമായും അക്കൗണ്ട് അനുവദിക്കുന്നതെങ്കിലും രക്ഷിതാക്കൾക്ക് കുട്ടികൾക്കായി അക്കൗണ്ട് തുറക്കാനും അവരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്. ബ്രിട്ടനിൽ മാത്രം 1.7 കോടി ഉപയോക്താക്കളുള്ള വിന്റഡ്, അനുചിതമായ സന്ദേശങ്ങളും പെരുമാറ്റങ്ങളും കണ്ടെത്താൻ സംവിധാനങ്ങളുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. നിർദേശങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കി സർക്കാരുമായി സഹകരിക്കുമെന്ന് ഇബേയും വ്യക്തമാക്കി.

അതേസമയം, സോഷ്യൽ മീഡിയ നിരോധനം മറ്റ് ഓൺലൈൻ സേവനങ്ങളിലേക്കും അനാവശ്യമായി വ്യാപിക്കരുതെന്ന് സാങ്കേതിക മേഖലയിലെ സംഘടനകൾ മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് യൂട്യൂബ് ഉപയോഗിക്കാനും നിയന്ത്രണമുണ്ടാകും. എന്നാൽ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ യൂട്യൂബ് കിഡ്സ് ഇതിൽ ഉൾപ്പെടില്ല. റോബ്ലോക്സ് പോലുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ പൂർണമായി നിരോധിക്കില്ലെങ്കിലും ചാറ്റ് പോലുള്ള സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുട്ടികളുടെ പ്രായം തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എൻഎസ്പിസിസി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിൽ സമാനമായ നിരോധനം നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികൾ അത് മറികടക്കാനുള്ള വഴികൾ കണ്ടെത്തിയിരുന്നു. അതിനാൽ ബ്രിട്ടനിൽ കൂടുതൽ ശക്തമായ പ്രായപരിശോധനാ സംവിധാനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.