ഫാ. ഹാപ്പി ജേക്കബ്ബ്

പാപത്തിന്റെ കൂനിനെ സൗഖ്യമാക്കി ദൈവമുഖം കാണുവാൻ പ്രാപ്തമാക്കിയ ദിവ്യാത്ഭുതമാണ് ഇന്നത്തെ ചിന്താവിഷയം. വി. ലൂക്കോസ് 13: 10- 17 ശാബത് യഹൂദന് പ്രിയപ്പെട്ടതാണ്; യാതൊരു ജോലിയും അന്ന് ചെയ്യുവാൻ അനുവദനീയമല്ല. കർത്താവായ യേശു ഒരു ശാബതിൽ സുനഗോഗിൽ ഉപദേശിച്ച് കൊണ്ടിരിക്കുകയായിരുന്നു. സംസാരം കേട്ടുകൊണ്ട് കേട്ടിരുന്നവരുടെ കൂട്ടത്തിൽ 18 സംവത്സരമായി നിവർന്നു നിൽക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. സുവിശേഷം പറയുന്നു ദുർബലതയുടെ ആത്മാവ് ആണ് അവളെ കീഴ്‌പ്പെടുത്തിയിരുന്നതെന്ന്. നീണ്ട 18 വർഷം അവശ ആ യാതനയിൽ കഴിഞ്ഞു. നേരെ നിവർന്നു നിൽക്കുവാൻ കഴിയുകയോ ആരുടെയെങ്കിലും മുഖത്ത് നോക്കുവാൻ പോലുമോ അവൾക്ക് കഴിഞ്ഞില്ല. സമൂഹം ചിലപ്പോൾ അവളെയോ അവളുടെ അവസ്ഥയോ മറന്നു പോയിരിക്കാം.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു യേശുവിൻറെ പ്രതികരണം. സ്ത്രീയെ നിൻറെ രോഗത്തിൽ നിന്നും നിനക്ക് സൗഖ്യം വന്നിരിക്കുന്നു. യേശു അവളുടെ മേൽ കൈവെച്ചു അവൾ നിവർന്നു നിൽക്കുന്നു. നീണ്ട വർഷത്തെ ബലഹീനത നീങ്ങിയപ്പോൾ അവൾക്കുണ്ടായ സന്തോഷം എത്ര വലുതായിരിക്കും. ഓരോ ആഴ്ചയിലും നാം ആരാധന മധ്യേ നിൽക്കുമ്പോൾ നമുക്ക് ചുറ്റും ദൈവ മുഖത്തേക്ക് നോക്കുവാൻ പോലും കഴിയാത്ത എത്രപേർ ഉണ്ടായിരിക്കും. നമ്മുടെ പ്രാർത്ഥന മധ്യേ തന്നെ എത്രപേർ നിവർന്ന് നിന്നിരിക്കാം. ഇതിൽ ഏതിലെങ്കിലും നാം ബോധവാന്മാരാവുന്നുണ്ടോ?

എന്നാൽ സുനഗോഗ് പ്രമാണി കോപിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം സൗഖ്യം ശാബതിൽ ആയതുകൊണ്ടാണ്. അവനെ സംബന്ധിച്ച് ശാബതാണ് അവളുടെ പ്രയാസത്തേക്കാൾ വലുത്. യേശു അവരെ വിളിച്ചത് കപട ഭക്തിക്കാരെ എന്നാണ്. ശാബതിൽ നിങ്ങളുടെ കാളയെയോ കഴുതയെയോ അഴിച്ച് വെള്ളം കൊടുക്കുന്നില്ലെയോ. എന്നാൽ 18 വർഷമായി ബന്ധനത്തിൽ കഴിയുന്ന ഇവൾക്ക് വിടുതൽ നൽകുന്നത് യോഗ്യമല്ലയോ എന്നാണ് കർത്താവ് ചോദിച്ചത്.

ശാബത് ഒരിക്കലും ഭാരപ്പെടുത്തലോ ശിക്ഷയോ അല്ല. അത് പുതുജീവനത്തിൻ്റെയും വിശ്രമത്തിൻ്റേയും ദൈവകൃപയുടെയും ദിനമാണ്. അത്തരത്തിൽ ഈ സൗഖ്യം ശാബത് ലംഘനമല്ല പകരം ശാബത് അതിൻറെ യഥാർത്ഥ ഉദ്ദേശത്തിൽ നിവർത്തിക്കുകയത്രേ ഉണ്ടായത്. മനുഷ്യർ കാണാത്ത വേദന ദൈവം കാണുന്നു. ചുറ്റുപാടുമുള്ളവർ ആദ്യ നാളുകളിൽ മാനിച്ചേക്കാം, കരുതിയേക്കാം. എന്നാൽ പഴക്കം കൂടുമ്പോൾ വിസ്മൃതിയിലും ആയിരിക്കാം. എന്നാൽ ദൈവം അവളെ കണ്ടു. മറ്റുള്ളവരുടെ കരുണ മറഞ്ഞ് പോയാലും കാണുന്ന ദൈവം, കരുണ ചെയ്യുന്ന ദൈവം നമുക്ക് ഉണ്ടെന്ന് വിശ്വസിക്കാം.

അവളുടെ സ്വാഭാവിക ബലഹീനതയായ കൂന് കാരണം അവൾക്ക് മുഖമുയർത്തി നോക്കുവാൻ കഴിയാതെ പോയി. എന്നാൽ ഇന്ന് അഹങ്കാരം , ചതി, ദുർവാശി, അജ്ഞത ഇങ്ങനെ എന്തെല്ലാം കാരണങ്ങളാണ് നമ്മുടെ ബലഹീനതയ്ക്ക് കാരണമാകുന്നത്. സാധാരണ കാഴ്ചപ്പാടിൽ കുറവാണ് ബലഹീനതയ്ക്ക് കാരണമെങ്കിൽ കൂടുതൽ ഉള്ള അവസ്ഥയും ബലഹീനത ഉളവാക്കുന്നുണ്ട്. പണത്തിന്റെയും ജീവിത സാഹചര്യങ്ങളുടെ ഉയർച്ചയും ചിലർക്കെങ്കിലും ദൈവത്തെയും സമൂഹത്തെയും കാണാതാക്കുന്ന കൂനായി മാറിയിട്ടുണ്ട്. ഈ സ്ത്രീക്ക് ഒരു സ്പർശന മൂലം കൂന് നിവർന്ന് ദൈവമുഖം കാണുവാൻ ഇടയാക്കി. എന്തെങ്കിലും കാരണങ്ങൾ ദൈവത്തെ കാണാതിരിക്കുവാൻ നമുക്ക് ഇടയാകുന്നുവെങ്കിൽ അതിനെ നീക്കുക.

‘കരുണ’ അതിൻറെ ഭാവവും ഇവിടെ ദർശിക്കുന്നു. കരുണയില്ലാത്ത ആചാര അനുഷ്ഠാനങ്ങൾ കപടമാണ്. ദൈവം ആഗ്രഹിക്കുന്നത് സ്നേഹവും സൗഖ്യവും കരുണയും കാണിക്കുന്ന ഹൃദയങ്ങളെ ആണ്. നമ്മുടെ ഇടയിൽ ഒരാളുടെ സൗഖ്യവും വിടുതലും നമുക്ക് സന്തോഷം ഉളവാക്കുന്നതും ദൈവത്തെ മഹിമ പെടുത്തുന്നതിനും ആയിരിക്കണം. ക്രിസ്തുവിലൂടെയുള്ള വിടുതൽ പ്രാപിക്കുന്ന വിടുതൽ പ്രാപിക്കുന്ന ഇടത്ത് സ്നേഹവും സന്തോഷവും സമൃദ്ധിയും ഉണ്ടാകും. നമുക്കും കരുണ യാചിക്കാം, ഭാരങ്ങളെ നീക്കാം പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം. ദൈവം കരുണ ചെയ്യട്ടെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൈവം അനുഗ്രഹിക്കട്ടെ

പ്രാർത്ഥനയിൽ

ഫാദർ ഹാപ്പി ജേക്കബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX