ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റ് സംഘർഷം തുടരുകയാണെങ്കിൽ വിലക്കയറ്റം നിയന്ത്രിക്കാൻ പലിശനിരക്കുകളിൽ ഇടപെടാൻ തയ്യാറാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഗവർണർ ആൻഡ്രൂ ബെയ്ലി വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രധാന പലിശനിരക്ക് 3.75% നിലയിൽ തന്നെ തുടരാൻ തീരുമാനിച്ചെങ്കിലും, യുദ്ധം മൂലം ഊർജവില ഉയരുന്നതോടെ മാർച്ചിൽ പണപ്പെരുപ്പം 3.5% വരെ എത്തുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. മുമ്പ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്ന സാഹചര്യത്തിൽ ഇപ്പോൾ സാഹചര്യം മറിഞ്ഞിരിക്കുകയാണ്.

മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി നിരക്ക് നിലനിർത്താൻ വോട്ടുചെയ്തത് നാലര വർഷത്തിനിടയിലെ ആദ്യ സംഭവമാണ്. എന്നാൽ ഊർജവിലകൾ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ അടുത്ത മാസങ്ങളിൽ പലിശനിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വിപണിയിൽ ഇതിനകം തന്നെ രണ്ട് തവണ നിരക്ക് ഉയർത്തി 4.25% വരെ എത്താമെന്ന പ്രവചനങ്ങൾ ആണ് പുറത്തുവരുന്നത്. എന്നാൽ ഇത്തരം അനുമാനങ്ങളിൽ അതിവേഗം എത്തരുതെന്ന് ബെയ്ലി മുന്നറിയിപ്പ് നൽകി.

പലിശനിരക്കിലെ അനിശ്ചിതത്വം മോർട്ട്ഗേജ് മേഖലയിലും പ്രതിഫലിച്ചിരിക്കുകയാണ്. പുതിയ ഫിക്സഡ് നിരക്കുകൾ ഉയരുകയും നിരവധി ലോൺ പദ്ധതികൾ പിൻവലിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ സെൻട്രൽ ബാങ്കും സമാനമായി പലിശനിരക്കുകളിൽ മാറ്റം വരുത്താതെ കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഗൾഫ് മേഖലയിലെ ഷിപ്പിംഗ് പാതകൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതാണ് വിലക്കയറ്റം കുറയ്ക്കാനുള്ള പ്രധാന മാർഗമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .











Leave a Reply