തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചതായി ബന്ധുക്കളുടെ ഗുരുതര ആരോപണം. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതി ഉയർത്തിയത്. തീപിടുത്തത്തിന് ശേഷമാണ് സനീഷിന്റെ ആരോഗ്യനില വഷളായതെന്നാണ് അവരുടെ ആരോപണം. അതുപോലെ, ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നിലയും ഐസിയുവിലേക്ക് മാറ്റിയതിന് ശേഷമാണ് ഗുരുതരമായതെന്ന് ബന്ധുക്കൾ പറയുന്നു.
മാർച്ച് 17-നാണ് മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഐസിയുവിലുണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും അടിയന്തരമായി മറ്റിടങ്ങളിലേക്ക് മാറ്റി. തീപിടുത്തം ഉണ്ടായ ദിവസം തന്നെ ഉച്ചയ്ക്ക് 12.45-ഓടെ കൃഷ്ണൻകുട്ടി മരിക്കുകയും, സനീഷ് അടുത്ത ദിവസം രാവിലെയാണ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെയാണ് തീപിടുത്തവും മരണങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് സംശയം ഉയർന്നത്.
എന്നാൽ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ തള്ളി. രോഗികളെ സുരക്ഷിതമായി മറ്റ് ഐസിയുവുകളിലേക്ക് മാറ്റിയതായും, തീപിടുത്തം മരണങ്ങൾക്ക് കാരണമായിട്ടില്ലെന്നുമാണ് വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്നും, സംഭവവും മരണവും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.











Leave a Reply