ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ സ്ഥിര താമസ മേൽ വിലാസമില്ലാത്തവർക്കും ബാങ്ക് അക്കൗണ്ട് തുറക്കുന്നത് എളുപ്പമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക സേവനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ, ബാങ്കുകൾ, ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവർ ചേർന്ന് നടപടി ആരംഭിച്ചത്. ഇതിലൂടെ ഭവനരഹിതരായവർക്കും താമസസൗകര്യത്തിലെ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും അടിസ്ഥാന ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ഇതുവരെ സ്ഥിര വിലാസത്തിന്റെയും തിരിച്ചറിയൽ രേഖകളുടെയും അഭാവം കാരണം നിരവധി ആളുകൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല. പുതിയ പദ്ധതിയുടെ ഭാഗമായി സഹായ സംഘടനകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം നൽകും. എച്ച്‌എസ്‌ബിസിയും ഷെൽട്ടറും ചേർന്ന് നടപ്പാക്കിയ ‘ബ്രേക്കിങ് ദ സൈക്കിൾ’ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ഇത് കൂടുതൽ ബാങ്കുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനകം 7,000-ലധികം ആളുകൾക്ക് ഈ സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ട് ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാർക്ലെയ്‌സ്, ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ്, നാഷൻവൈഡ്, നാറ്റ്‌വെസ്റ്റ്, സാന്റാൻഡർ തുടങ്ങിയ പ്രമുഖ ബാങ്കുകളും പദ്ധതിയുടെ ഭാഗമാകും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തത് ജോലി ലഭിക്കുന്നതിനും ശമ്പളം സ്വീകരിക്കുന്നതിനും വീട് കണ്ടെത്തുന്നതിനും വലിയ തടസമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. പുതിയ സംവിധാനത്തിലൂടെ കൂടുതൽ ആളുകൾക്ക് സാമ്പത്തിക ഇടപാടുകളിലേക്ക് പ്രവേശിക്കാനും സ്വതന്ത്ര ജീവിതത്തിലേക്ക് മടങ്ങിയെത്താനും സഹായമാകുമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക ഉന്നമനം വർധിപ്പിക്കുന്നതിനായുള്ള വിപുലമായ സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കുടുംബപീഡനത്തിനിരയായവരുടെ ക്രെഡിറ്റ് രേഖകൾ പുനഃസ്ഥാപിക്കുന്നതിനും ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുന്നതിനും സ്കൂളുകളിൽ സാമ്പത്തിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം കൂടുതൽ ബാങ്കിങ് ഹബുകൾ ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.