കോന്നി മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്സ്ബുക്കിലൂടെയാണ് സന്ദീപാനന്ദ ​ഗിരിയുടെ പരിഹാസം. ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന കുറിപ്പും ഒപ്പം പാന്‍പരാഗ് ഉള്ളം കൈയില്‍ വച്ചുള്ള ഒരു ഫോട്ടോയും ഇതിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍, ആചാര സംരക്ഷണ സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന സുരേന്ദ്രനെ രംഗത്തിറക്കി വിജയിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ഇടത്തോട്ട് വീശിയടിച്ച കാറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് അടിപതറി. സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ 54,099വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജ് 44,146വോട്ട് നേടി.

ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന പ്രധാന മണ്ഡലമായിരുന്നു കോന്നി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി. 39,786വോട്ട് നേടിയ സുരേന്ദ്രന് ആശ്വസിക്കാനുള്ളത് 2016ലെ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് മണ്ഡലത്തില്‍ ബിജെപിക്ക് നേടാനായി എന്നതാണ്. 2016ല്‍, ഡി അശോക് കുമാര്‍ പിടിച്ച 16,713വോട്ടിനെക്കാള്‍ 23,073 വോട്ട് കൂടുതല്‍ പിടിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.