ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോർമുസ് കടലിടുക്കിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കൻ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുകെ സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ എടുത്ത ഈ തീരുമാനം “സമൂഹ പ്രതിരോധം” എന്ന അടിസ്ഥാനത്തിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഇതുവരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്ന അനുമതി വിപുലീകരിച്ചാണ് പുതിയ നടപടി. ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് പിന്നിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെ വൈകിയാണ് പ്രതികരിച്ചതെന്ന് വിമർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി സ്റ്റാർമറുടെ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇത് ബ്രിട്ടീഷ് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞു . ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സംയുക്ത താവളത്തെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല . ഇതിൽ ഒന്ന് വഴിമധ്യേ തകരാറിലായപ്പോൾ മറ്റൊന്ന് യുഎസ് യുദ്ധക്കപ്പൽ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

യുകെയിലെ രാഷ്ട്രീയ രംഗത്തും സർക്കാർ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോച്ച് ഇത് വലിയ നയമാറ്റമെന്ന് വിമർശിച്ചപ്പോൾ, മറ്റ് പ്രതിപക്ഷ നേതാക്കളും പാർലമെന്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഗ്ലോസസ്റ്റർഷെയറിലെ RAF ഫെയർഫോർഡ് ഉൾപ്പെടെ താവളങ്ങൾ അമേരിക്ക ഇതിനകം ഉപയോഗിച്ചുവരുന്നുണ്ട് . യുദ്ധഭീഷണിയെ തുടർന്ന് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടിരിക്കെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ അടിയന്തരമായി സംഘർഷം ശമിപ്പിക്കണമെന്നും യുകെ സർക്കാർ ആവശ്യപ്പെട്ടു.











Leave a Reply