കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ കേരള ഹൈക്കോടതിയെ സമീപിച്ചു. വിജയിച്ച വി. കുഞ്ഞിക്കൃഷ്ണൻ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് വിജയം നേടിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും തന്നെ “കള്ളൻ” എന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിച്ചെന്നും അതിനാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഈ വിഷയങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണൻ, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പയ്യന്നൂർ മണ്ഡലത്തിലും വിഷയം വീണ്ടും ചർച്ചയാവുകയാണ്.











Leave a Reply