ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ കെന്റ് മേഖലയിലെ മെനിംജൈറ്റിസ് ബി ബാധിച്ച് രണ്ട് കൗമാരക്കാരുടെ മരണം എൻഎച്ച്എസിന്റെ വാക്സിനേഷൻ നയത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മെനിംജൈറ്റിസ് പടർന്ന് പിടിച്ചത് രാജ്യവ്യാപകമായി ആശങ്ക ഉയർത്തിയിരിക്കെ എൻഎച്ച്എസ് നൽകാത്ത ചില വാക്സിനുകൾ സ്വകാര്യമായി എടുക്കേണ്ട സാഹചര്യം ഉയരുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 2015 മുതൽ ശിശുക്കൾക്ക് നൽകുന്ന മെൻബി വാക്സിൻ രോഗബാധയുടെ സാധ്യതയും മരണനിരക്കും കുറയ്ക്കുന്നുവെങ്കിലും അതിന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്സിനേഷൻ നൽകിയിട്ടില്ല. ഇതോടെ 12 വയസ്സിന് മുകളിലുള്ളവർക്ക്, പ്രത്യേകിച്ച് 15–24 പ്രായക്കാർക്ക്, കൂടുതൽ അപകടസാധ്യത നിലനിൽക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എൻഎച്ച്എസിലെ ചികിത്സാ നയങ്ങൾ നിർണയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) ചികിത്സയുടെ ഫലപ്രാപ്തിയോടൊപ്പം ‘ക്യൂഎഎൽവൈ’ (Quality-Adjusted Life Year) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ചികിത്സയുടെ ചെലവും ഫലപ്രാപ്തിയും വിലയിരുത്തുന്നത് . ഒരു രോഗിക്ക് ഒരു വർഷം നല്ല ആരോഗ്യജീവിതം നൽകാൻ £30,000-ൽ കൂടുതൽ ചെലവാകുന്ന ചികിത്സകൾ സാധാരണയായി എൻഎച്ച്എസ് അംഗീകരിക്കാറില്ല. എന്നാൽ അപൂർവമായെങ്കിലും ഗുരുതരമായ രോഗങ്ങളിൽ ഈ കണക്കുകൂട്ടൽ തെറ്റാണെന്ന് ഡോക്ടർമാർ പറയുന്നു. മെനിംജൈറ്റിസ് ബി ബാധിച്ച ഒരാൾക്ക് വാക്സിൻ ലഭിച്ചിരുന്നെങ്കിൽ രോഗം ഒഴിവാക്കാമായിരുന്നുവെങ്കിലും ചികിത്സയ്ക്ക് പിന്നീട് ലക്ഷങ്ങൾ ചെലവായ സംഭവങ്ങൾ ആരോഗ്യരംഗം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാഹചര്യത്തിൽ വ്യക്തിപരമായ ആരോഗ്യസംരക്ഷണത്തിനായി ചില വാക്സിനുകൾ സ്വകാര്യമായി സ്വീകരിക്കുന്നത് പരിഗണിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത് . മെൻബി വാക്സിനിനൊപ്പം Shingles തടയുന്ന വാക്സിൻ, ചിക്കൻപോക്സ് വാക്സിൻ, ഫ്ലൂവും കോവിഡ് ബൂസ്റ്ററുകളും ഉൾപ്പെടെ ചില വാക്സിനുകൾ എൻഎച്ച്എസ് പരിമിതമായി ആണ് നൽകുന്നത് . ഈ സാഹചര്യം മൂലം പലരും സ്വകാര്യമായി ഈ വാക്സിനുകൾ സ്വീകരിക്കുന്ന പ്രവണത വർധിക്കുന്നു. ചെലവുകാരണങ്ങളാൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വ്യക്തിപരമായി അപകടസാധ്യത കുറയ്ക്കാൻ ആളുകൾ സ്വയം തീരുമാനങ്ങൾ എടുക്കുന്ന പ്രവണത ശക്തമാകുന്നതായാണ് റിപ്പോർട്ട്.











Leave a Reply