ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാൻ ഭരണകൂടത്തെ വിമർശിക്കുന്ന പെർഷ്യൻ ഭാഷാ വാർത്താ ചാനലായ ഇറാൻ ഇന്റർനാഷണലിലെ മാധ്യമപ്രവർത്തകൻ പൂരിയ സെറാത്തിയെ ലണ്ടനിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് റൊമാനിയൻ പൗരൻമാർക്ക് കോടതി തടവുശിക്ഷ വിധിച്ചു. 2024 മാർച്ചിൽ വിംബിൾഡണിലെ വീടിന് പുറത്തുവച്ചായിരുന്നു ആക്രമണം. നാൻഡിറ്റോ ബാഡിയയ്ക്കും ജോർജ് സ്റ്റാനയ്ക്കുമാണ് ശിക്ഷ ലഭിച്ചത്.

ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതിയാണ് വിധി പ്രസ്താവിച്ചത്. ആക്രമണം ഇറാൻ ഭരണകൂടത്തിന്റെ താൽപര്യത്തിനുവേണ്ടി നടത്തിയതാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. സെറാത്തിയെ മൂന്നുതവണ തുടയിൽ കുത്തിയ ആക്രമണത്തിൽ ജോർജ് സ്റ്റാനയ്ക്ക് 12 വർഷവും നാൻഡിറ്റോ ബാഡിയയ്ക്ക് എട്ട് വർഷവും തടവുശിക്ഷയാണ് വിധിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കെതിരായ നടപടികൾ റൊമാനിയയിൽ തുടരുകയാണ്.

ആക്രമണത്തിന് മുമ്പ് സെറാത്തിയും കുടുംബവും ഭീഷണികൾ നേരിട്ടിരുന്നതായി കോടതിയിൽ വ്യക്തമാക്കപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ ഇരുവരും ബ്രിട്ടൻ വിട്ട് റൊമാനിയയിലേക്ക് കടന്നെങ്കിലും പിന്നീട് പിടിയിലായി വിചാരണയ്ക്കായി കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം സുരക്ഷാ കാരണങ്ങളാൽ സെറാത്തി കുടുംബത്തോടൊപ്പം മറ്റൊരു രാജ്യത്തേക്ക് താമസം മാറ്റിയതായും ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾ വിദേശ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അറിയിച്ചു.











Leave a Reply