സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയും പിന്വലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ അന്തിമ പോരാട്ടചിത്രം വ്യക്തമായി. ആകെ 890 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്ത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ്, ഇവിടെ 13 പേരാണ് രംഗത്ത്. പേരാവൂർ, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതം മത്സരിക്കും. 2021ലെ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്.
മത്സരരംഗം വ്യക്തമായതോടെ സ്ഥാനാർത്ഥികളുടെ ചിഹ്നവിതരണവും ശ്രദ്ധേയമായി. പലർക്കും പ്രതീക്ഷിച്ച ചിഹ്നങ്ങൾ ലഭിക്കാത്തത് തിരിച്ചടിയായി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമയ്ക്ക് ഫുട്ബോൾ ചിഹ്നം അനുവദിച്ചില്ല; പകരം ടെലിവിഷൻ ചിഹ്നമാണ് ലഭിച്ചത്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് തെങ്ങിൻതോപ്പ് ചിഹ്നമായി ലഭിച്ചപ്പോൾ പാലക്കാട്ടെ എൻ എം ആർ റസാഖിന് കുടം ചിഹ്നം ലഭിച്ചു. കോഴിക്കോട് സൗത്തിലെ അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം ലഭിക്കാതെ ബക്കറ്റ് ചിഹ്നമാണ് അനുവദിച്ചത്.
ചില മണ്ഡലങ്ങളിൽ ചിഹ്നമാറ്റം പ്രചാരണത്തെ പോലും ബാധിച്ചു. ഗ്ലാസ് ചിഹ്നം ഉപയോഗിച്ച് പ്രചാരം ആരംഭിച്ചിരുന്ന അഹമ്മദ് ദേവർകോവിലിന് അവസാന നിമിഷം മാറ്റം വന്നത് പ്രതിസന്ധിയിലാക്കി. ബേപ്പൂരിലെ പി വി അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം ലഭിച്ചപ്പോൾ എലത്തൂരിലെ എ കെ ശശീന്ദ്രന് പതിവ് ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. തിരുവനന്തപുരം സെൻട്രലിൽ സിപി ജോണിന് കപ്പൽ ചിഹ്നവും സുധീർ കരമനയ്ക്ക് ക്യാമറ ചിഹ്നവും ലഭിച്ചു. വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത ചിഹ്നങ്ങളോടെ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമാകുകയാണ്.











Leave a Reply